വിനയംകൊണ്ടും സൗമ്യമായ ഇടപെടൽകൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ്വ നേതാക്കളിൽ മുൻനിരയിലുള്ളയാളായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ വത്തിക്കാനിൽ സന്ദർശിച്ചത്. പക്ഷെ അന്നദ്ദേഹം ചൊരിഞ്ഞ സ്നേഹവും മൃദുഭാവവും ഇന്നുമുള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്.
ചടങ്ങിനെത്തിയ വലിയ ആൾകൂട്ടത്തെ മുഴുവൻ വ്യക്തിപരമായി അഭിവാദ്യം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി. അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തുനിന്നും വായിച്ചെടുക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു അദ്ദേഹത്തിൽ തുളുമ്പിനിന്നിരുന്നത്. ക്രൈസ്തവ വിശ്വാസികൾക്ക് മാത്രമല്ല, മുഴുവൻ മനുഷ്യർക്കും വരും തലമുറക്കും ജീവിതത്തിൽ പകർത്താനുള്ള ജീവിതപാഠവും, സന്ദേശവും ഇഹലോകത്ത് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. നൽകിയ ഓർമകൾക്കും സ്നേഹത്തിനും നന്ദി.- തങ്ങൾ പറഞ്ഞു.