
തിരുവനന്തപുരം: നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി വേഗത്തില്‍ എത്താന്‍ കഴിയുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം. മാണിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നഗരപ്രദേശവുമായി അടുത്ത് കിടക്കുന്ന വെള്ളാണിക്കല്‍ പാറ. തലസ്ഥാന നഗരത്തിലെ മിനി പൊന്‍മുടി എന്ന് അറിയപ്പെടുന്ന വെള്ളാണിക്കല്‍ പാറമുകള്‍.
പോത്തന്‍കോട്, മാണിക്കല്‍, മുദാക്കല്‍ ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് വെള്ളാണിക്കല്‍ പാറ സ്ഥിതി ചെയ്യുന്നത്. 2015ലാണ് വെള്ളാണിക്കല്‍ പാറമുകള്‍ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. പാറ മുകളില്‍ നിന്നുള്ള സൂര്യോദയം, അസ്തമയം എന്നിവ കാണാന്‍ വിനോദ സഞ്ചാരികള്‍ ധാരാളം എത്തും. അവധി ദിനങ്ങളില്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ വളരെ മനോഹരമായ ഈ പാറമുകളില്‍ സാമൂഹ്യ വിരുദ്ധര്‍ തവളമുറപ്പിക്കുന്ന അവസ്ഥയാണ് നിലവില്‍.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കല്‍പ്പാറയുള്ളത്. ഏകദേശം 23 ഏക്കറോളം വ്യാപിച്ചു കിടക്കുന്നു. പാറമുകളിലെത്തിയാല്‍ തിരുവനന്തപുരം, കൊല്ലം, അറബിക്കടല്‍ തീരം, സഹ്യപര്‍വ്വത മലനിരകള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും. ഇവിടെ നിന്നുള്ള സൂര്യാസ്തമയം ഒരു ദൃശ്യവിസ്മയമാണ്. വെള്ളാണിക്കല്‍ പാറയില്‍ നിന്ന് നോക്കിയാല്‍ തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും അറബിക്കടലിന്റെ വശ്യതയും പൊന്മുടിയും അഗസ്ത്യാര്‍കൂടവും ഉള്‍പ്പെടുന്ന സഹ്യപര്‍വത മലനിരകളും കാണാം.
വെള്ളാണിക്കല്‍ ഭഗവതി ക്ഷേത്രവും പാറമുകള്‍ ആയിരവല്ലി ക്ഷേത്രവും ഇവിടെയുണ്ട്. ആദിവാസി വിഭാഗമായ കാണിക്കാര്‍ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇവരണ്ടും. വൈകുന്നേരങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി സഞ്ചരികള്‍ എത്തുന്ന ഇവിടെ രാത്രിയായാല്‍ വെളിച്ചമില്ല. ഇതു മുതലെടുത്താണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടെ താവളം ഉറപ്പിക്കുന്നത്. നേരത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചു വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇത് കാരണം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഈ വൈദ്യുത വിളക്കുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച അവസ്ഥയിലാണ്. ഇപ്പോള്‍ ഈ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച കാലുകള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.
സുരക്ഷ ക്യാമറകള്‍ സ്ഥാപിക്കാത്തതും സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമാണ്. ടൂറിസം സാധ്യതകള്‍ നിരവധിയുള്ള ഈ വിനോദ സഞ്ചാര കേന്ദ്രം പരിപാലിക്കുന്നതില്‍ വിനോദ സഞ്ചാര വകുപ്പിനും, പ്രാദേശിക ഭരണകൂടത്തിനും താല്പര്യമില്ല എന്നുള്ളതാണ് വസ്തുത. ഇവിടേക്കുള്ള റോഡുകളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.