• Mon. May 12th, 2025

24×7 Live News

Apdin News

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

Byadmin

May 11, 2025


മൗഢ്യഗ്രഹങ്ങളുടെ ദശാപഹാരങ്ങളും ദോഷം ചെയ്യും. എന്നാല്‍ അക്കാലത്തു സാമ്പത്തിക നേട്ടമുണ്ടാകുമെന്നതാണു വസ്തുത. മീനം ധനു രാശികളില്‍ നില്‍ക്കുന്ന രാഹുവിന്റെ ദശാന്ത്യത്തിലും കേതുവിന്റെ പ്രാരംഭദശയിലും അസഹ്യമായ കഷ്ടാരിഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. ബലഹീനനായ പാപഗ്രഹത്തിന്റെ ദശയില്‍ (രിക്തദശ)കഷ്ടതകള്‍ വളരെ കൂടിയിരിക്കും. ഏഴാംഭാവാധിപനോട് യോഗദൃഷ്ടികളുള്ള ഗ്രഹങ്ങളുടെ ദശാപഹാരങ്ങളും മാരക സ്ഥാനാധിപത്യവും കേന്ദ്രാധിപത്യവുമുള്ള ഗുരു ശുക്രന്മാരുടെ ദശാപഹാരങ്ങള്‍, മാരക അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗുളികന്റെ ദശ, ഗുളിക ഭവനാധിപന്‍. ഗുളിക നവാംശകാധിപന്‍ എന്നിവരുടെ ദശാകാലവും ആപല്‍ക്കരം. പ്രസ്തുത ഗ്രഹങ്ങള്‍ പാപന്മാരാണെങ്കില്‍ ക്ലേശങ്ങള്‍ അധികരിക്കും. വ്യാഴന്റെ വീക്ഷണം, ഇഷ്ട ഭാവസ്ഥിതി, വ്യാഴന്റെ ഉപചയ സ്ഥാന സ്ഥിതി എന്നിവയില്‍ ഏതെങ്കിലും സ്ഥിതിവിശേഷമുണ്ടെങ്കില്‍ ഗുളിക ദശയുടെ അശുഭഫലങ്ങള്‍ നിസ്സാരമായിരിക്കും. ശനിദശ നാലാമതും വ്യാഴന്‍, കുജരാഹുക്കള്‍ എന്നിവരുടെ ദശ ആറാമതും വന്നാല്‍ അശുഭാനുഭവങ്ങള്‍ ഏറിയിരിക്കും.

രാഹു-ഗുരു, ശുക്ര-രവി, കുജ-രാഹു എന്നിവരുടെ ദശാസന്ധികള്‍ യഥാക്രമം പുരുഷനും സ്ത്രീക്കും ഇരുകൂട്ടര്‍ക്കും ഒരുപോലെ വിവിധ തരത്തിലുള്ള ദോഷാനുഭവങ്ങള്‍ നല്‍കും. അഷ്ടമാധിപന്റെ ദശാപഹാരങ്ങളും കഠിനം തന്നെ. മീനലഗ്‌ന ജാതകനു ശുക്രദശയും ശുഭന്മാരായ മൂന്ന്, ആറ്, പതിനൊന്നു ഭാവാധിപന്മാരുടെ ദശാപഹാരങ്ങളും, ദശാനാഥന്റെ 6, 8, 12 ല്‍ നില്‍ക്കുന്ന അപഹാരനാഥന്മാരും അനിഷ്ടഫലങ്ങള്‍ മാത്രമേ നല്‍കൂ. ദശാനാഥന്മാരും അപഹാരനാഥന്മാരും തമ്മില്‍ ബന്ധമില്ലെങ്കില്‍ അപഹാരഫലങ്ങള്‍ക്കു ഹാനി സംഭവിക്കും. ദശാനാഥനും അപഹാരനാഥനും പാപഗ്രഹങ്ങളാണെങ്കില്‍ ഫലങ്ങള്‍ വളരെ ദോഷം ചെയ്യും. യോഗകാരകനായ ഗ്രഹത്തിന്റെ ദശയില്‍ അപഹാര നാഥന്‍ മാരകനാണെങ്കില്‍ അപഹാരനാഥന്റെ ക്രൂരഫലം വര്‍ദ്ധിക്കും. ദശാനാഥന്‍ ഫലശൂന്യനാകും.

ലഗ്‌നസ്ഥിത പാപന്മാരുടെ ദശയില്‍ പാപന്മാരുടെ അപഹാരം ദുരിതമയമായിരിക്കും. ലഗ്‌നാധിപന്‍ ശുഭനായാലും പാപനായാലും പാപഗ്രഹങ്ങളുടെ അപഹാരകാലത്ത്് രോഗാദി അരിഷ്ടതകളും സ്ഥാനഭ്രംശവും ഫലം.

ഏതെങ്കിലുമൊരു ഭാവത്തില്‍ ആ ഭാവത്തിന്റെ അനിഷ്ട സ്ഥാനാധിപന്‍(6, 8, 12) സ്ഥിതി ചെയ്യുന്നുവെങ്കില്‍ ആ ഭാവാധിപന്റെ ദശയില്‍ ആ ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാനാധിപന്റെ അപഹാരം അശുഭഫലം നല്‍കും.

കാല(ള)സര്‍പ്പയോഗമുള്ള ജാതകര്‍ക്കുണ്ടായേക്കാവുന്ന സൈ്വരം കെടുത്തുന്ന അനുഭവങ്ങളെക്കുറിച്ച് നിശ്ചിതമായൊരു കാലക്രമം പ്രവചനാതീതം. ഇടവിട്ടിടവിട്ട് ലഘുവായും ഗുരുവായും നിര്‍വചനങ്ങള്‍ക്ക് അപ്പുറത്തേയ്‌ക്ക് പിടിവിട്ടുപോ
കുന്ന അസ്വസ്ഥതയും വിഘ്‌നങ്ങളും ജാതകരെയും കുടുംബാംഗങ്ങളെയും ജീവിതത്തിന്റെ പ്രാരംഭഘട്ടം മുതല്‍ വലയം ചെയ്തിരിക്കുന്നതു കാണാം. രാഹുകേതുക്കള്‍, അവരുടെ യോഗദൃഷ്ടികളുള്ള ഗ്രഹങ്ങള്‍, അവര്‍ സ്ഥിതി ചെയ്യുന്ന രാശിയുടെ അധിപന്മാര്‍, നവാംശക രാശ്യാധിപന്‍ എന്നിവരുടെ ദശാപഹാരങ്ങളില്‍ ജാതകന് അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടാകും. മിക്ക ജാതകരും സാമ്പത്തിക ശേഷിയുളളവരും കലാ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധരും ആയിരിക്കും. അകം വേവുന്നതു് പുറമറിയാന്‍ വൈകും. ഒരുനാള്‍ അറിയും അപ്പോള്‍ എല്ലാവര്‍ക്കും മനഃപ്രയാസമുണ്ടാകും. നിരവധി ജാതകങ്ങള്‍ രചിച്ചും സൂക്ഷ്മ പരിശോധന നടത്തിയും ദൃഢതയാര്‍ജ്ജിച്ച നിഗമനമാണിത്്.

ഗ്രഹങ്ങളുടെ ചാരഫലം നല്‍കുന്ന സമയം വ്യത്യസ്തമാണ്. രവികുജന്മാര്‍ രാശിയുടെ ആദിദ്രേക്കാണത്തിലും ഗുരുശുക്രന്മാര്‍ രാശിയുടെ മദ്ധ്യദ്രേക്കാണത്തിലും ബുധന്‍ രാശിയുടെ ഏതു ഭാഗത്തു നില്‍ക്കുമ്പോഴും അവരവരുടേതായ ശുഭാശുഭഫലങ്ങള്‍ ദാനം ചെയ്യും. ശനി, ചന്ദ്രന്‍, രാഹു കേതുക്കള്‍ എന്നിവര്‍ക്കു പ്രത്യേക സമയമില്ല. ഈ പ്രതിഭാസം സൂക്ഷ്മമായി ഗ്രഹിച്ചാലേ ഫല നിരൂപണം കുറ്റമറ്റതാകൂ.

കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമത്തില്‍ശനി, ജന്മം, മൂന്ന്, എട്ട് രാശികളില്‍ വ്യാഴന്‍ എന്നിവരെ സംബന്ധിച്ചു് പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ക്കും പഴഞ്ചൊല്ലുകള്‍ക്കും പണ്ഡിതപാമര ഭേദമെന്യേ ആളുകളുടെ ഇടയില്‍ വലിയ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ചാരവശാലുള്ള ഗ്രഹങ്ങളുടെ സഞ്ചാരമാണ് പരാമൃഷ്ടം. ജാതകത്തിലെ ഗ്രഹനില ഏറെക്കുറെ ശുഭകരമാണെങ്കില്‍ പ്രസ്തുത കാലഘട്ടങ്ങള്‍ നാമമാത്രമായ ചില സൈ്വരക്കേടുകള്‍ മാത്രം നല്‍കി കടന്നുപോകുമെന്നതാണ് വാസ്തവം. ജാതകത്തില്‍ മറ്റു ദോഷങ്ങളുണ്ടെങ്കില്‍ തന്നെയും പ്രസ്തുത കാലഘട്ടങ്ങള്‍ മുഴുവനും യാതനാ നിര്‍ഭരമായിരിക്കില്ല. വേധസ്ഥാനങ്ങളില്‍ ഗ്രഹങ്ങള്‍ നിന്നാല്‍ വേധ്യന്റെ ഫലദാന ശക്തി ക്ഷയിച്ചു പോകും. ഗുണവുമില്ല ദോഷവുമില്ല. തന്നിമിത്തം വേധസ്ഥാനത്തു നില്‍ക്കുന്ന ഗ്രഹത്തിനു രാശിപ്പകര്‍ച്ച ഉണ്ടാകുന്നതുവരെ അവരെ സംബന്ധിച്ച്് യാതൊരു ഫലവും ഉണ്ടാകില്ല.

കണ്ടകശ്ശനിയുടെയും ഏഴരശ്ശനിയുടെയും ശുഭാശുഭഫലങ്ങള്‍ നിര്‍ദ്ദിഷ്ടകാലം മുഴുവന്‍ ഒരു പോലെ അനുഭവിക്കേണ്ടി വരില്ലെന്നു സാരം. വ്യാഴന്റെ കാര്യവും ഇതുപോലെ തന്നെയാണ്.

ജീവിത യാത്രയില്‍ നേരായ മാര്‍ഗ്ഗത്തില്‍ക്കൂടെ മാത്രം യാത്ര ചെയ്യുന്ന മനുഷ്യന്് അരങ്ങിലും അണിയറയിലും സ്ഥിതി ചെയ്യുന്ന സര്‍വ്വ നക്ഷത്ര താരാഗ്രഹങ്ങളും രാവുകളെ ജ്യോതിര്‍മയമാക്കുന്ന ചന്ദ്രനും ജാഗ്രത് സ്വപ്‌ന സുഷുപ്തിയിലുടനീളം അനുഗ്രഹം ചൊരിഞ്ഞു കൊണ്ടേയിരിക്കും.



By admin