തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി. പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയെന്നാരോപിച്ച് ബിജെപി തെലങ്കാന ഘടകം നല്‍കിയ അപ്പീലാണ് തള്ളിയത്.
വിമര്‍ശനങ്ങള്‍ സഹിക്കാന്‍ ഒരു രാഷ്ട്രീയക്കാരന് തൊലിക്കട്ടി വേണമെന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചു. ‘കോടതികളെ രാഷ്ട്രീയ യുദ്ധക്കളങ്ങളാക്കി മാറ്റാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. നിങ്ങളൊരു രാഷ്ട്രീയക്കാരനാണെങ്കില്‍, ഇതെല്ലാം സഹിക്കാനുള്ള തൊലിക്കട്ടി നിങ്ങള്‍ക്കുണ്ടായിരിക്കണം’ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.
രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കായി കോടതികളെ ഉപയോഗിക്കുന്നതിനെതിരെ ബിജെപിക്ക് കോടതി മുന്നറിയിപ്പും നല്‍കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ എസ്സി/എസ്ടി/ഒബിസി സംവരണം നിര്‍ത്തലാക്കുമെന്ന പ്രസ്താവനയെ തുടര്‍ന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരം വെങ്കടേശ്വരുവാണ് രേവന്ത് റെഡ്ഡിക്കെതിരെ കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ബിജെപി സുപ്രീംകോടതിയിലെത്തിയത്.
ഹര്‍ജി പരിഗണനയ്‌ക്കെടുത്ത ഉടനെ ചീഫ് ജസ്റ്റിസ് ഇത് തള്ളുകയാണെന്ന് ബിജെപിക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിനെ അറിയിച്ചു. അഭിഭാഷകന്‍ വിഷയം വീണ്ടും ഉന്നയിച്ചതോടെയാണ് കോടതി മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയത്.
രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം ബിജെപി ദേശീയ ഘടകത്തിനെതിരെയാണ്. ബിജെപി തെലങ്കാനയ്ക്ക് ഇതൊരു അവഹേളനമായി കണക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നത്.