
മുംബയ്: റമദാന്‍ നോമ്പ് കാലയളവില്‍ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം മുസ്ലീം ഡ്രൈവര്‍മാരെയും യാത്രക്കാരെയും നിസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി തളളി ബോംബെ ഹൈക്കോടതി. വിമാനത്താവളത്തിന്റെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.കോടതിക്ക് സുരക്ഷ മാത്രമേ കണക്കിലെടുക്കാന്‍ കഴിയൂ എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
റംസാന്‍ നോമ്പ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും, സുരക്ഷാ ആശങ്കകള്‍ കൂടുതലുള്ള വിമാനത്താവള പരിസരത്ത്, വിശുദ്ധ മാസത്തില്‍ എവിടെയും നിസ്‌കരിക്കാന്‍ മതപരമായ അവകാശമുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി പി കൊളബവല്ല, ഫിര്‍ദോഷ് പൂനിവല്ല എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാര്‍ക്ക് നിസ്‌കരിക്കാന്‍ മറ്റേന്തെങ്കിലും സ്ഥലം അനുവദിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ കോടതി പൊലീസിനോടും വിമാനത്താവള അധികൃതരോടും കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മറ്റ് ഏഴ് സ്ഥലങ്ങള്‍ പരിശോധിച്ചെങ്കിലും തിരക്ക്, സുരക്ഷാ ആശങ്കകള്‍, വിമാനത്താവള വികസന പദ്ധതി എന്നിവ കാരണം ഹര്‍ജിക്കാര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കാന്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി അധികൃതര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് പരിശോധിച്ച കോടതി വിമാനത്താവളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹര്‍ജിക്കാര്‍ക്ക് വിമാനത്താവളത്തിന് സമീപം പ്രാര്‍ത്ഥനാ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.
റംസാന്‍ നോമ്പ് ഇസ്ലാം മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി മനസിലാക്കുന്നുണ്ടെങ്കിലും, എവിടെയും പ്രാര്‍ത്ഥന നടത്തുന്നത് മതപരമായ അവകാശമല്ലെന്ന് ബെഞ്ച് പറഞ്ഞു.’ഒരു ദിവസം അഞ്ച് തവണ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്ന് ആരും നിങ്ങളെ തടയുന്നില്ല, എന്നാല്‍ അത് എവിടെയും പാടില്ല. സുരക്ഷാ വിഷയം പരിഗണിക്കണം- ഹൈക്കോടതി ചൂണ്ടിക്കാട്ടി.