
ന്യൂയോർക്ക് : യുഎസിലെ ചിക്കാഗോയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനത്തിൽ രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ 28 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ അധികൃതർ. വിമാനത്തിനുള്ളിൽ ഭക്ഷണം കഴിച്ച ശേഷം ഫോർക്ക് ഉപയോഗിച്ച് പ്രണീത് കുമാർ 17 വയസ്സുള്ള രണ്ട് ആൺകുട്ടികളെ കുത്തിയതായിട്ടാണ് ആരോപിക്കപ്പെടുന്നത്. ഒരാളുടെ തോളിലും മറ്റൊരാളുട തലയുടെ പിൻഭാഗത്തുമാണ് കുത്തേറ്റതെന്ന് അധികൃതർ അറിയിച്ചു.
മറ്റുള്ളവരെ ആക്രമിച്ചതിനു ശേഷം ബഹളം വച്ച പ്രണീത് കുമാർ ഉസിരിപ്പള്ളിയെ സഹയാത്രികർ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു. അവിടെ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തു. പ്രകോപനമില്ലാതെയുള്ള ആക്രമണമാണ് നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
യുഎസ് അറ്റോർണി നിയമ പ്രകാരം വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ശാരീരികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിന് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.