
തൃശൂര്‍ : വിയ്യൂരില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കില്‍ വീണുപരിക്കേറ്റു.പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ തെങ്കാശിയിലെ കടയത്ത് മലയിലെ പാറയുടെ മുകളില്‍ നിന്ന് എടുത്തുചാടിപ്പോഴാണ് പരിക്കേറ്റത്.ബാലമുരുകന്റെ 15 മീറ്റര്‍ അകലെ തമിഴ്‌നാട് പൊലീസ് എത്തിയതോടെയാണ് പാറയുടെ മുകളില്‍ നിന്ന് എടുത്തുചാടിയത്.
150 മീറ്റര്‍ അധികം താഴ്ചയിലേക്ക് ചാടിയ ബാലമുരുകന് ഗുരുതരമായി പരിക്കേറ്റു എന്ന നിഗമനത്തിലാണ് പൊലീസ്.പരിക്കേറ്റ ബാലമുരുകനെ രാത്രി പിടികൂടാന്‍ സാധിക്കില്ലെന്ന വിലയിരുത്തലാണ് ഉളളത്.ഈ സാഹചര്യത്തില്‍ ബാലമുരുകനെ രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്യുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.രാത്രി രക്ഷാദൗത്യത്തിലേക്ക് കടന്നാല്‍ തിരിച്ചടിയാകുമെന്നാണ് പൊലീസ് കരുതുന്നത്.
ഭാര്യയെ കാണാനാണ് ബാലമുരുകന്‍ തെങ്കാശിയില്‍ എത്തിയത്. ആട് മേയ്‌ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ബാലമുരുകന്‍ എത്തിയത്. അമ്പതോളം വരുന്ന തമിഴ്‌നാട് പൊലീസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന്‍ കുന്നിന്‍ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു.
തെങ്കാശി സ്വദേശിയായ ബാലമുരുകന്‍ കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം ബന്തക്കുടിയിലെ കേസില്‍, വിയ്യൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോയിരുന്നു.കോടതിയില്‍ ഹാജരാക്കിയ ശേഷം ബാലമുരുകനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് ഇയാള്‍ കടന്നുകളഞ്ഞത്.