• Tue. Aug 12th, 2025

24×7 Live News

Apdin News

വിരട്ടലൊന്നും ബിജെപിയോട് വേണ്ട; ടി.എൻ പ്രതാപന്റെ ചുംബനം കെപിസിസി ഓഫീസിൽ മതി: ബി.ഗോപാലകൃഷ്ണൻ

Byadmin

Aug 12, 2025



തൃശൂര്‍: ടി.എൻ പ്രതാപന്റെ വിരട്ടലൊന്നും ബിജെപിയോട് വേണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ. വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ സമയം ഉണ്ടായിരുന്നു. അന്ന് ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിലുള്ള അസൂയയാണ് കോൺഗ്രസിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പഴയ ഉഴുന്നുവട മറന്നിട്ടില്ല. ഒറ്റ ചുംബനം കൊണ്ട് ഉഴുന്നുവടയുടെ അടപ്പിളക്കിയ ആളാണ് പ്രതാപൻ. പ്രതാപന്റെ ചുംബനം കെപിസിസി ഓഫീസിൽ മതി. വേഷംകെട്ടു വേണ്ട, കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. വിഡി സതീശനും രമേശ് ചെന്നിത്തലയുടെ അമ്മയ്‌ക്കും ഇരട്ട വോട്ട് ഉണ്ട്. ഇത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഏതെങ്കിലും മണ്ഡലത്തിൽ ഇരട്ട വോട്ടില്ലാത്ത, പാർട്ടി ഓഫീസിൽ വോട്ട് ഇല്ലാത്ത ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടികൾ ഉണ്ടോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.

ഇവരുടെ അസൂയക്ക് ബിജെപിയുടെ മറുപടി സുനിശ്ചിതമായ വിജയം മാത്രമാണ്. തൃശൂർ മാത്രമല്ല കേരളം മുഴുവൻ വിജയിക്കും. സുരേഷ് ഗോപി രാജി വെച്ചാൽ കേരളത്തിലെ 19 എംപിമാരും രാജിവെക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. സുരേഷ് ഗോപിയെ വേട്ടയാടുകയാണ്, സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിലെ വോട്ടർമാരെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ്സും ഇടതുപക്ഷവും ചെയ്യുന്നത്. കള്ളവോട്ടിനാണോ സുരേഷ് ഗോപി വിജയിച്ചത്? സുരേഷ് ഗോപി ജയിച്ചതിലെ അസൂയ കൊണ്ട് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഓരോ ദിവസവും ഓരോ അധിഷേപം നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സുരേഷ് ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതാപൻ കേസ് നൽകിയത്. പ്രതാപനെതിരെ ബിജെപി മാനനഷ്ട കേസ് ഫയൽ ചെയ്യും. കെ മുരളീധരൻ മാന്യത ഉണ്ടെങ്കിൽ മിണ്ടാതിരിക്കണം. അധിക്ഷേപം തുടർന്നാൽ അതിശക്തമായി തിരിച്ചടിക്കും. ഇത്തവണ പൂരത്തിന്റെ പേര് പറഞ്ഞ് വോട്ട് നേടാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ തടഞ്ഞു. ആദ്യം പൂരമാണ് അട്ടിമറിച്ചതെന്ന് പറഞ്ഞു, പിന്നീട് ഇപ്പോൾ വോട്ട് ചേർക്കൽ പറയുന്നു. സുനിൽ കുമാറിന് കിട്ടാത്ത മുന്തിരി പുളിക്കും. സുനിൽകുമാറിന് തോൽവിയിൽ നിന്നുണ്ടായ മാനസിക വിഭ്രാന്തി മാറിയില്ല എന്നും ഗോപാല കൃഷ്ണന്‍ പറഞ്ഞു.

By admin