
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. കുടുംബ കോടതിയിലുള്ള കേസ് അവസാനിപ്പിക്കുന്നതിനായി സംഗീതയ്‌ക്കും മക്കൾക്കുമായി വിജയ് 250 കോടി രൂപ നൽകാൻ ധാരണയായതായാണ് സൂചന. ചെങ്കൽപേട്ട് ജില്ലാ കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയിരുന്നത്.
വിവാഹേതര ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടതെങ്കിലും, വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനാണ് വിജയ് താല്പര്യപ്പെടുന്നത്. സജീവ രാഷ്‌ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ്, തന്റെ പുതിയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ ശക്തിപ്പെടുത്തുന്ന തിരക്കിലാണ്. ഈ നിർണ്ണായക ഘട്ടത്തിൽ കുടുംബ പ്രശ്നങ്ങൾ പരസ്യമാകുന്നതും കോടതി കയറുന്നതും തന്റെ രാഷ്‌ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിജയ് ആശങ്കപ്പെടുന്നു.
സംഗീതയുമായി വിജയ് നേരിട്ട് നടത്തിയ ചർച്ചകൾ ഫലം കണ്ടതായും പരസ്പര ധാരണയിലെത്തുന്ന പക്ഷം ഹർജി പിൻവലിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1999ൽ വിവാഹിതരായ ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ട് മക്കളുണ്ട്.
ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത ഹർജിയിൽ വിജയ്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
1. 2021 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.
2. ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് തങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു.
3.1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഈ നിയമത്തിലെ 27(1)(എ) – വിവാഹേതര ബന്ധം, 27(1)(ഡി) – ക്രൂരത എന്നീ വകുപ്പുകൾ പ്രകാരമാണ് സംഗീത മോചനം തേടുന്നത്.
വരുന്ന ഏപ്രിൽ 20-ന് വിജയ്‍യോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ ചെങ്കൽപേട്ട് കുടുംബ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.