തിരുവനന്തപുരം: തിരുവനന്തപുരം: യു.ഡി.എഫിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെ സംയോജനമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പാലക്കാട് രാഹുലിനെ ബി.ജെ.പി നേരിടും, വടകരയില്‍ ഷാഫി പറമ്പിലിനെ സി.പി.എം നേരിടണം എന്ന ധാരണയിലാണ് അവര്‍ മുന്നോട്ട് പോകുന്നത്. ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ യു.ഡി.എഫ് അധികാരത്തില്‍ എത്തുന്നത് തടയാം എന്നാണ് സി.പി.എം- ബി.ജെ.പി നേതൃത്വങ്ങള്‍ കരുതുന്നത്. എന്നാല്‍ ഈ സര്‍ക്കാരിനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ പിണറായി വിജയന്‍ താഴെയിറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപ്രതിനിധികള്‍ ദൈവപുത്രന്മാരല്ല. സമൂഹത്തില്‍ നിന്നും വളര്‍ന്നുവരുന്ന മനുഷ്യര്‍ക്ക് സമൂഹത്തിന്റേതായ നന്മതിന്മകളും ഉണ്ടാകും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ മാതൃകാപരമായ നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. അദ്ദേഹത്തെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടി സമീപകാല ചരിത്രത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാന്‍ കഴിയുന്നതല്ല. എന്നിട്ടും തൃപ്തരാകാതെ രാഹുലിന്റെയും ഷാഫിയുടെയും രക്തത്തിനു വേണ്ടി ദാഹിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.
ഷാഫി പറമ്പിലിനെ എന്തിനാണ് വഴിയില്‍ തടയുന്നത് എന്ന് വിശദീകരിക്കാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് പോലും സാധിച്ചിട്ടില്ല. ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് മതേതര കേരളത്തിന്റെ മനസ്സ് കവരുന്ന നിലയില്‍ ഒരു ചെറുപ്പക്കാരന്‍ വളര്‍ന്നു വരുന്നതില്‍ ബി.ജെ.പിയ്‌ക്കൊപ്പം സി.പി.എമ്മും അസ്വസ്ഥരാണ്. വിവാഹേതര ബന്ധങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഒരു യൂണിവേഴ്‌സിറ്റി തന്നെ തുടങ്ങാവുന്ന സര്‍ക്കാരാണ്് ഇന്ന് കേരളം ഭരിക്കുന്നത്. അതിന്റെ ചാന്‍സിലര്‍ ആവാന്‍ യോഗ്യതയുള്ള വ്യക്തി മന്ത്രിസഭയില്‍ തന്നെയുണ്ട്. അങ്ങനെയുള്ളവരാണ് ഒരു പരാതിക്കാരി പോലുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം പരിഹസിച്ചു.