
ജയ്സാല്‍മീര്‍ (രാജസ്ഥാന്‍) : പാവനമായ ചാദര്‍ മഹോത്സവത്തില്‍ ഏകാത്മകതയുടെ സന്ദേശം പകര്‍ന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തില്‍ വൈവിധ്യങ്ങള്‍ ഏകതയുടെ അലങ്കാരവും ആഘോഷവുമാണ്. അത് വിഭജനത്തിന്റെയോ ഭിന്നതയുടെയോ ഉപകരണമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
871 വര്‍ഷത്തെ പാരമ്പര്യമുള്ള ദാദാ ഗുരുദേവ് ആചാര്യ ജിന്ദത്ത് സൂരിയുടെ ചാദര്‍ സനാതന സംസ്‌കൃതിയുടെ പ്രതീകമാണ്. തീ കൊണ്ട് കത്തിക്കാനോ, ആയുധങ്ങള്‍ കൊണ്ട് മുറിക്കാനോ, വെള്ളം കൊണ്ട് നനയ്‌ക്കാനോ കഴിയാത്ത സത്യത്തെയാണ് ചാദര്‍ അടയാളപ്പെടുത്തുന്നത്. നമ്മുടെ പൂര്‍വ്വികര്‍ തിരിച്ചറിഞ്ഞതും എല്ലായിടത്തും നിലനില്‍ക്കുന്നതുമായ സനാതന സത്യത്തിന്റെ തെളിവാണിത്.
സത്യം വിശാലമാണ്. അതിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ വ്യത്യസ്തമാകുന്നത് സ്വാഭാവികമാണ്. ജൈനമത ബഹുസ്വരത അത്തരത്തിലൊരു വഴിയാണ്.ഐക്യത്തിലൂടെയേ സംഘര്‍ഷം അവസാനിപ്പിക്കാനാകൂ, സര്‍സംഘചാലക് പറഞ്ഞു.
സമൂഹത്തില്‍ ഏറ്റുമുട്ടലും ഭിന്നതകളും ഉണ്ടാകുന്നത് ആളുകള്‍ പരസ്പരം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നതു കൊണ്ടാണ്. നമ്മള്‍ ഒന്നാണെന്ന, ഒരേ ബോധത്തിന്റെ ഭാഗമാണെന്ന ഭാവം മനുഷ്യര്‍ സ്വീകരിക്കുമ്പോള്‍, സ്വാര്‍ത്ഥതയും വിവേചനവും സ്വയം അപ്രത്യക്ഷമാകും.
ലീഗ് ഓഫ് നേഷന്‍സ്, ഐക്യരാഷ്‌ട്രസഭ തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ മാത്രം വിചാരിച്ചാല്‍ യുദ്ധങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. മനുഷ്യരാശിയുടെഅനുകമ്പയും ഐക്യദാര്‍ഢ്യവും അതിന് ആവശ്യമാണ്.പ്രസംഗത്തില്‍ മാത്രമല്ല, പെരുമാറ്റത്തിലും മാറ്റം വരണം. സൗഹൃദത്തിന് ജാതി, മത, ഭാഷാ, പ്രദേശ ഭേദങ്ങള്‍ തടസ്സമാകരുത്. സന്തോഷവും ദുഃഖവും ആഹാരവും, സാമൂഹിക ജീവിതവുമൊ പങ്കിടുമ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തിലുള്ള സമാജ ശക്തി പ്രകടമാകൂ, അദ്ദേഹം പറഞ്ഞു.
വിവേചനവും സ്വാര്‍ത്ഥതയും ഉപേക്ഷിച്ച് രാജ്യത്തിനായി സ്വയം സമര്‍പ്പിക്കാന്‍ ഓരോരുത്തരും സജ്ജരാകണം. അതിലൂടെ ഭാരതം അഭിവൃദ്ധി നിറഞ്ഞ ഒരു രാഷ്‌ട്രമായി മാറുമെന്ന് മാത്രമല്ല, ഒരു ലോക നേതാവെന്ന നിലയില്‍, മുഴുവന്‍ മനുഷ്യരാശിക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാത കാണിക്കുകയും ചെയ്യും. അതിനായി എല്ലാവരും പ്രതിജ്ഞ ചെയ്യണം, സര്‍സംഘചാലക് പറഞ്ഞു.
ഐക്യമാണ് രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ ശക്തിയെന്ന് ജൈനാചാര്യന്‍ ഗച്ഛാധിപതി ജിന്‍മണിപ്രഭാസാഗര്‍ മഹാരാജ് പറഞ്ഞു. ഭാരതത്തിന്റെ പതാക ലോകമെമ്പാടും ആദരവോടെ പറക്കുന്നുവെന്ന് ഉറപ്പാക്കാന്‍, എല്ലാ വിഭാഗങ്ങളിലെയും സംന്യാസിമാര്‍ ഏകതയുടെ സന്ദേശവുമായി രംഗത്തിറങ്ങണം ഭഗവാന്‍ മഹാവീരന്റെയും ശ്രീരാമന്റെയും ജീവിതം ഭാരതീയ സംസ്‌കാരത്തില്‍ ജാതീയതയ്‌ക്കും തൊട്ടുകൂടായ്‌മയ്‌ക്കും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ചാദര്‍ മഹോത്സവ തപാല്‍ സ്റ്റാമ്പുകള്‍, പ്രത്യേക നാണയങ്ങള്‍, ദാദാ ഗുരുദേവനെക്കുറിച്ചുള്ള പുസ്തകം എന്നിവ പ്രകാശനം ചെയ്തു. ഉത്സവ സമിതി ചെയര്‍മാന്‍ മംഗള്‍ പ്രഭാത് ലോധ, കോര്‍ഡിനേറ്റര്‍ തേ ജ് രാജ് ഗുലേച്ച, പദ്മഭൂഷണ്‍ ഡോ. ഡി.ആര്‍. മേത്ത തുടങ്ങിയവര്‍ സംസാരിച്ചു.