
മാവേലിക്കര: വിശാല്‍ വധക്കേസിന്റെ വിചാരണവേളയില്‍ കേസിലെ സാക്ഷികളായ കെഎസ്യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോപ്പുലര്‍ഫ്രണ്ടുകാരായ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് കോടതിയില്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ കാമ്പസ് രാഷ്‌ട്രീയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകങ്ങള്‍ നടത്തിയതായി അറിവില്ലെന്ന് പറഞ്ഞ എസ്എഫ്ഐക്കാരനായ സാക്ഷിയോട് മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് അറിയുമോ എന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചിരുന്നു.
വിചാരണവേളയില്‍ സാക്ഷികള്‍ തിരിച്ചറിയുന്നത് പരമാവധി ഒഴിവാക്കാനായി ഒരേ വേഷത്തിലുള്ള വസ്ത്ര വിതാനത്തോട് കൂടിയാണ് കോടതിയില്‍ പ്രതികള്‍ ഹാജരായതെങ്കിലും അവരെ എല്ലാവരെയും തന്നെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ദൃക്സാക്ഷികളെ ഭയപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ സാക്ഷികളെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ കേസിലെ ഒരു പ്രതി പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോട് അനുബന്ധിച്ച് പന്തളത്ത് നടന്ന അക്രമ സംഭവങ്ങളില്‍ പങ്കെടുത്തതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിയുടെ ഈ കേസിലെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ 55 സാക്ഷികളെയും 205 രേഖകളും കോടതിയില്‍ ഹാജരാക്കി. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉള്‍പ്പെടെ മൂന്ന് ഡിവൈഎസ്പിമാരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. വിചാരണക്കായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന വിശാലിന്റെ മാതാപിതാക്കളുടെ അപേക്ഷ അംഗീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം തയാറായില്ല. തുടര്‍ച്ചയായി നല്‍കിയ അപേക്ഷകള്‍ സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകുമെന്ന ഘട്ടത്തിലാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പ്രതാപ് ജി. പടിക്കലിനെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായത്.