• Mon. Sep 15th, 2025

24×7 Live News

Apdin News

വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്; രമേശ് ചെന്നിത്തല

Byadmin

Sep 15, 2025


കേസരിയിലെ ‘ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ‘ എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ക്രിസ്ത്യന്‍ സമുദായത്തെ കയ്യിലെടുക്കാന്‍ അരമനകള്‍ കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാന്‍ തയ്യാറാണോ എന്ന് ചെന്നിത്തല ചോദിച്ചു.

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ഈ ലേഖനം ക്രിസ്ത്യന്‍ സമുദായത്തെ ഇന്ത്യയുടെ ശത്രുവായി പ്രഖ്യാപിക്കുന്നു. ക്രൈസ്തവ സമുദായത്തിലേക്ക് മാറിയവര്‍ സ്വന്തം രാജ്യത്തോട് കുറു നഷ്ടപ്പെട്ട രാജ്യവിരുദ്ധരാണ് എന്നാണ് ലേഖകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഒരു സമുദായത്തെ ഒന്നടങ്കം രാഷ്ട്രവിരുദ്ധര്‍ ആക്കി മാറ്റാനുള്ള ശ്രമമാണ് ഈ ലേഖനത്തില്‍ നടത്തിയിരിക്കുന്നത്. ഇതിനോട് സംഘപരിവാറും ബിജെപിയും തങ്ങളുടെ സമീപനം വ്യക്തമാക്കണം.

വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് വെറുപ്പ് വിളമ്പുകയാണ് ഈ ലേഖനത്തില്‍ ഉടനീളം. മത വൈരം കൊണ്ട് അന്ധമായി തീര്‍ന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ ഇത്തരമൊരു വാദഗതി മുന്നോട്ടു വെക്കാനാകു. ഇന്ത്യയിലെ വിവിധ വനമേഖലകള്‍ കേന്ദ്രീകരിച്ചുള്ള സായുധ വിപ്ലവത്തിന് സഹായം നല്‍കുന്നത് പോലും ക്രിസ്തീയ സഭകളാണ് എന്ന അതീവ ഗുരുതരവും ദുരുപദിഷ്ടവുമായ ആരോപണം കൂടി ഇതില്‍ ഉന്നയിക്കുന്നുണ്ട്.

ഒരു സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തി അവര്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിന് ഇതര മതസ്ഥരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കപട വാദങ്ങളും കലാപാഹ്വാനവുമാണ് ഈ ലേഖനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ബിജെപി, സംഘപരിവാര്‍ നേതൃത്വങ്ങള്‍ തയ്യാറാകണം. ലേഖനം ഉടനടി പിന്‍വലിക്കണം- രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

By admin