ന്യൂഡൽഹി
ഉത്തരേന്ത്യയിൽ സ്‌ത്രീകൾ ജലാശയങ്ങളിലിറങ്ങി അനുഷ്‌ഠാനം നടത്തുന്ന ഛത് പൂജ സമയത്ത് വൻ ഭീഷണിയായി യമുന നദിയിൽ വിഷപ്പത. മലിനീകരണം നിയന്ത്രിക്കുന്നതിലും നദി വൃത്തിയാക്കുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടതോടെ പൂജയ്‌ക്കായി വെള്ളത്തിലിറങ്ങുന്നവർ അപകടത്തിലായി. വിഷപ്പത നിറഞ്ഞ വെള്ളത്തിൽ മുങ്ങുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്‌ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച തുടങ്ങിയ ഛത് പൂജ നാലുദിവസമാണ്. ഡൽഹിയിൽ
ഐടിഒയിലെ യമുന ഘാട്ടാണ് ഛത് പൂജ നടക്കുന്ന പ്രധാന സ്ഥലം. ഇവിടെയും വിഷപ്പത നിറഞ്ഞിരിക്കുകയാണ്. ഫാക്‌ടറികളിൽ നിന്നുള്ള രാസമാലിന്യം നേരിട്ട് നദിയിലേക്ക് ഒഴുക്കുന്നതാണ് മലിനീകരണ തോത് ഭയാനകമാം വിധം ഉയർത്തിയത്. അതേസമയം, വിഷപ്പത നിയന്ത്രിക്കാൻ ഡൽഹി ജൽ ബോർഡ് രാസപഥാർത്ഥങ്ങൾ പ്രയോഗിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. നദി വൃത്തിയാക്കാത്തത് എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന്റെ വീഴ്‌ചയാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. യമുനയിൽ മുങ്ങിക്കുളിച്ച് പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ കടുത്ത ചൊറിച്ചിലിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ ഏഴാം ദിവസവും അതീവ ഗുരുതരമായ വിഭാഗത്തിലാണ് നിലവിൽ വായുനിലവാരം. ചൊവ്വാഴ്‌ച ആനന്ദ് വിഹാറിൽ 457 ആണ് എക്യൂഐ രേഖപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ