• Wed. Dec 25th, 2024

24×7 Live News

Apdin News

വിഷയം എന്ന വിഷം

Byadmin

Dec 25, 2024


മുക്തി ആഗ്രഹിക്കുന്നുവെങ്കില്‍ വിഷയങ്ങളെ വിഷംപോലെ ത്യജിക്കുക.

ഈശാവാസ്യം തുടങ്ങുന്നത് ഇങ്ങനെതന്നെയാണ്.
‘ഈശാവാസ്യമിദം സര്‍വ്വം യത് കിംച ജഗത്യം
ത്യേന ത്യക്തേന ഭുഞ്ജീഥാ: മാ ഗൃധ: കസ്യസ്വിദ്ധനം’
ഇവിടെ ചോദ്യവും ഉത്തരവും ഒരു ശ്ലോകത്തില്‍ തന്നെയാണ്. മുനിയുടെ ചോദ്യമിതാണ് കസ്യസ്വിദ്ധനം. ധനം ആരുടേതാണ്? എല്ലാം എണ്ണി തിട്ടപ്പെടുത്തി സേഫിലാക്കി പൂട്ടിവച്ച് ഇതെല്ലാം എന്റേത് എന്ന് അഭിമാനിച്ചിരിക്കുന്നവരോടാണ് ഈശാവാസ്യത്തിലെ ഈ ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം തേടിത്തുടങ്ങുമ്പോവാണ്, ഇതെന്റെ അതിര്, അതു നിന്റെ അതിര് എന്നിങ്ങനെ നാം കെട്ടിയുയര്‍ത്തിയ വേലിയൊക്കെ അറ്റുപോകുന്നത്. ജാഗ്രത്തില്‍ ഉള്ളത് ഒന്ന്. സ്വപ്‌നത്തില്‍ മറ്റൊന്ന്. സുഷുപ്തിയില്‍ ഇതൊന്നുമില്ല. ഇതെല്ലാമറിഞ്ഞ മുനി നിര്‍ദ്ദേശിച്ചു: ”ഈശാവാസ്യമിദം സര്‍വ്വം യത് കിംച ജഗത്യാം.” എന്റേതെന്നുള്ള തോന്നല്‍ അങ്ങുകളഞ്ഞേക്കുക. എന്റെ എന്ന ബോധത്തില്‍ ഒന്നും ചെയ്യരുത്. എന്റെ എന്ന ചിന്തയില്‍നിന്നുള്ള മോചനമാണ് ഈശാവാസ്യം.

അഷ്ടാവക്ര മുനി തുടര്‍ന്ന് ഒന്നുകൂടി സ്പഷ്ടമായി പറയുന്നു:
”മുക്തിമിച്ഛസി ചേത്താതഃ വിഷയാന്‍ വിഷവത്ത്യജ
ക്ഷമാര്‍ജ്ജവദയാതോഷസത്യം പീയൂഷവദ് ഭജ”
”കുഞ്ഞേ, നീ മുക്തി ആഗ്രഹിക്കുന്നുവെങ്കില്‍ വിഷയങ്ങളെ വിഷംപോലെ ത്യജിക്കണം,” എന്ന്.

എങ്ങനെയാണ് വിഷയവും വിഷവും തമ്മില്‍ ബന്ധമായത്? വിഷയശബ്ദത്തിന് വിഷമെന്ന് അര്‍ത്ഥമുണ്ടോ? എന്താണ് വിഷയം. വിശേഷേണ ബന്ധനേ എന്നാണ് സംസ്‌കൃതത്തില്‍ വിഷയത്തിന്റെ അര്‍ത്ഥം. വിഷയം വിശേഷേണ രീതിയില്‍ അതിനടുത്തുള്ളവരെ ബന്ധിക്കുന്നു. ഇന്ദ്രിയാര്‍ത്ഥങ്ങളാണ് വിഷയങ്ങള്‍. ശബ്ദം ശ്രോത്രേന്ദ്രിയത്തിന്റെ (ചെവിയുടെ) വിഷയമാണ്. സ്പര്‍ശം ത്വക്കിന്റെ വിഷയമാണ്, രൂപം നേത്രേന്ദ്രിയത്തിന്റെ (കണ്ണിന്റെ) വിഷയമാണ്. രസം ജിഹ്വയുടെ വിഷയമാണ്, ഗന്ധം ഘ്രാണേന്ദ്രിയത്തിന്റെ വിഷയമാണ്. ഇങ്ങനെ അഞ്ചു വിഷയങ്ങളേ ഈ പ്രപഞ്ചത്തില്‍ ഉള്ളു. ഈ അഞ്ചു വിഷയങ്ങളില്‍ അതിലൊരെണ്ണംമാത്രം ശീലമാക്കിയ ജീവികള്‍ എങ്ങനെയാണ് ആ വിഷയങ്ങളാല്‍ കൊല്ലപ്പെട്ടതെന്ന് ആചാര്യന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. അതിങ്ങനെ: ”ശബ്ദാദിഭി പഞ്ചഭിരഞ്ചിതേവ പഞ്ചത്വമാവു സുഗുണേന ബദ്വാ കുരംഗ മാദംഗ പതംഗ മീനാ ഭൃംഗാ.”

കുരംഗം എന്നാല്‍ മാന്‍. മാനിന് ഇഷ്ടമുള്ള വിഷയമാണ് നാദം. അതറിയാവുന്ന വേടന്‍ വലവെച്ചിട്ട് മാറിയിരുന്നു മനോഹര ശബ്ദമുണ്ടാക്കും. ശബ്ദവിഷയിയായ മാന്‍ അതുകേട്ട് ഓടിവന്ന് വേടന്റെ തീറ്റയായി മാറും. ഇതിനു മറ്റൊരുദാഹരണമാണ് വിഭാണ്ഡകന്റെ പുത്രനായ ഋഷ്യശൃംഗന്‍ വൈശാലിയുടെ ശബ്ദത്തില്‍ മയങ്ങി കൂടെപോയത്. മകനെ തപസ്വിആയി വളര്‍ത്തിയെങ്കിലും അമ്മ മാനായിരുന്നതുകൊണ്ട് ആ ജനിതകാംശം തന്റെ കോശങ്ങളില്‍ ഉള്ളതുകൊണ്ടാണ് മുനിയായിരുന്നിട്ടും ഋഷ്യശൃംഗന്‍ വൈശാലിയുടെ സംഗീതത്തില്‍ മയങ്ങി അവളോടൊപ്പം കാശിരാജ്യത്തേക്കു പോയത്. സാധാരണക്കാരായ നമ്മിലൊക്കെ പൂര്‍വ്വജന്മങ്ങളിലുള്ള അഞ്ചുവിഷയങ്ങളും സജീവമാണ്. മാനിന് ഒരു വിഷയമേ പ്രബലമായുള്ളു. അതുശബ്ദമാണ്. ആനക്ക് സ്പര്‍ശമാണ്. ആന അതിന്റെ ഇണയുമായി സ്പര്‍ശിച്ചു ചേര്‍ന്നു വരുമ്പോഴേ വാരിക്കുഴിയില്‍ വീഴൂ. തനിയെ നടക്കുന്ന ഒരാനയും വാരിക്കുഴിയില്‍ വീഴില്ല. അങ്ങനെ രണ്ടു വിഷയമായി. അടുത്തത് രൂപം! രൂപം കണ്ടു ഭ്രമിച്ചാണ് അഗ്‌നിയില്‍ പറവകള്‍ വന്നുവീഴുന്നത്. അടുത്തത് രസം. രസന(നാവ് അഥവാ രുചി)യിലുള്ള ഭ്രമംകൊണ്ടാണ് ചൂണ്ടയില്‍ മീന്‍ വന്നു കൊത്തുന്നത്. ജലത്തില്‍ ധാരാളം തീറ്റിയുണ്ടായിട്ടും മീന്‍ ചൂണ്ടയില്‍ തന്നെ കൊത്തുന്നത് അതിലെതീറ്റയുടെ രസമോര്‍ത്താണ്. അഞ്ചാമത് ഗന്ധം. വണ്ട് അതിന്റെ ഘ്രാണേന്ദ്രിയത്തില്‍ ഭ്രമിച്ച് താമരപ്പൂവില്‍ പോയിരിക്കും. രാത്രിയില്‍ താമര കൂമ്പും അപ്പോള്‍ സസ്യഭുക്കായ ആനവന്ന് താമര പറിച്ചുതിന്നും. ഇവയ്‌ക്കെല്ലാം ഒരിന്ദ്രിയം പ്രബലം ആയതുകൊണ്ട് മൃത്യു ഉണ്ടാകുന്നതെങ്കില്‍ അഞ്ചിന്ദ്രിയങ്ങളും പ്രബലമായിനില്‍ക്കുന്ന മനുഷ്യാ! നിന്റെ ഗതിയെന്താണ്? എന്നാണ് മഹര്‍ഷിയുടെ ചോദ്യം.

ശബ്ദവും, സ്പര്‍ശവും, രൂപവും, ഗന്ധവും രസവും എല്ലാം പ്രബലമാണ് മനുഷ്യരില്‍! അപ്പോള്‍ നാം എത്രമാത്രം ബന്ധിതരാണെന്ന് സ്വയം ചിന്തിക്കുക.



By admin