
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കണമോ എന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനം കാത്തിരിക്കുകയാണെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍. വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്‌പുകള്‍ക്ക് നന്ദിയെന്നും അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ അന്തരിച്ച തന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും തപാലില്‍ ഇന്നാണ് കിട്ടിയത്.ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്‌ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസിനോട് ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ വി എസ് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു.പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.
നേരത്തേ പത്മവിഭൂഷണ്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് വി എസിന്റെ കുടുംബം തീരുമാനിക്കട്ടെയെന്നും പാര്‍ട്ടി അതിനൊപ്പമായിരിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.ഇ എം എസിനെ പോലുളളവര്‍ ഇത്തരം ബഹുമതികള്‍ സ്വീകരിക്കാത്തത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും പറഞ്ഞു. എന്നാല്‍ വി എസ് ജീവിച്ചിരുന്നെങ്കില്‍ ഈ ബഹുമതി സ്വീകരിക്കില്ലെന്നാണ് ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞത്.