
കൊച്ചി: വി.കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മതിയായ പോലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം തേടി വി.കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
തന്റെ പുസ്തകപ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ സിപി എം ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് സംരക്ഷണം തേടി കുഞ്ഞുകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എതിർ കക്ഷികളായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷ് എന്നിവർക്ക് നോട്ടീസ് അയച്ചു. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. ഫെബ്രുവരി മാസം നാലിനാണ് ‘നേതൃത്വത്തെ അണികൾ തിരുത്തണം ‘ എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി മാത്യു പ്രകാശനം ചെയ്യും. ഏറെ രാഷ്‌ട്രീയ വിവാദത്തിന് വഴിവെക്കാൻ പോകുന്ന പുസ്തകം കുഞ്ഞികൃഷ്ണൻ സ്വന്തം ചെലവിലാണ് പ്രസിദ്ധീകരിക്കുന്നത്. നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയന്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക.