
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍ രാജിവച്ചു. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് രാജി. കാലാവധി 13ന് പൂര്‍ത്തിയാകാനിരിക്കെയാണ് വി.കെ. വിജയന്റെ രാജി. മുന്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റുമായ എ.വി. ഗോപിനാഥിനെ ദേവസ്വം ചെയര്‍മാന്‍ ആക്കാനാണ് സിപിഎം നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ഗോപിനാഥിനെ ചെയര്‍മാനായി നിയമിക്കാനാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് വി.കെ.വിജയന്റെ രാജി ചോദിച്ചുവാങ്ങിയത്. ഗുരുവായൂരില്‍ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ചെയര്‍മാന്റെ രാജി.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ എ.വി. ഗോപിനാഥിനെ പാര്‍ട്ടി വേണ്ടത്ര പരിഗണിച്ചില്ലെന്ന പരിഭവം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം പാലക്കാടെത്തിയ പിണറായി വിജയന്‍ എ.വി. ഗോപിനാഥുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പുതിയ പദവി വാഗ്ദാനം ചെയ്തത് എന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ മാറിയാലും ഗോപിനാഥിന് രണ്ട് വര്‍ഷം ചെയര്‍മാനായി തുടരാനുമാകും.