• Sat. Dec 6th, 2025

24×7 Live News

Apdin News

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

Byadmin

Dec 6, 2025



ധുനിക ഭാരതത്തിന്റെ ശില്പികളില്‍, വേറിട്ട പ്രവര്‍ത്തനം കൊണ്ടും ചിന്തകള്‍ കൊണ്ടും വ്യത്യസ്തമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ. ബി.ആര്‍. അംബേദ്കര്‍. ഭാരതത്തിന്റെ ചരിത്രത്തെയും ഭാവിയെയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളില്‍ വസ്തുനിഷ്ഠമായി വിലയിരുത്തി നിലപാടുകള്‍ സ്വീകരിച്ചിരുന്നു എന്നതിലാണ് അംബേദ്കറുടെ പ്രസക്തി.

ഭരണഘടനാ നിര്‍മാണ സഭയിലെ തന്റെ പ്രസംഗത്തില്‍, കോണ്‍ഗ്രസ്, സോഷ്യലിസ്റ്റുകള്‍, മുസ്ലീം ലീഗ്, ഹിന്ദുമഹാസഭ തുടങ്ങിയ വ്യത്യസ്ത ചിന്താധാരയിലുള്ളവരെ യുക്തമായി വിമര്‍ശിക്കാനും സമന്വയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും ചര്‍ച്ചകളില്‍ അദ്ദേഹം വഹിച്ച പങ്കും മുന്നോട്ട് വെച്ച വീക്ഷണവും തന്നെയാണ് അംബേദ്കറെ വായിക്കാനുള്ള അളവുകോല്‍. ഗാന്ധിജിയുമായി പല രാഷ്‌ട്രീയ കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും, ഭരണഘടനയുടെ കരടു തയ്യാറാക്കുന്ന ചുമതല അംബേദ്കറെത്തന്നെ ഏല്‍പിക്കാന്‍ ഗാന്ധി നിര്‍ദേശിച്ചത് അദ്ദേഹത്തിന്റെ ദേശീയ പ്രതിബന്ധതയിലുള്ള വിശ്വാസംമൂലമായിരുന്നു.

സമരസതയുടെ വക്താവ്

അംബേദ്കറിന് ഭാവി ഭാരതത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടൊപ്പം ഉത്കണ്ഠകളും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഭാരതത്തിന്റെ ചരിത്രത്തെ വിലയിരുത്തുന്നതിലൂടെ ഉണ്ടാകാന്‍ പോകുന്ന വൈരുദ്ധ്യങ്ങളെ സംബന്ധിച്ച്. 1950 ജനുവരി 26 ന് അവസാന ഭരണഘടനാ നിര്‍മാണ സഭയിലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ”ഭാരതം സ്വതന്ത്ര രാജ്യമാകാന്‍ പോകുന്നു. പക്ഷേ ആ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ നമുക്ക് സാധിക്കുമോ, അതോ വീണ്ടും അത് നഷ്ടപ്പെടുമോ എന്നതാണ് എന്റെ ചിന്ത. ചരിത്രം ആവര്‍ത്തിച്ചേക്കാം. മുമ്പ് ജാതിയും മതങ്ങളുമായിരുന്നു നമ്മളുടെ ആഭ്യന്തര ശത്രുക്കളെങ്കില്‍ ഇന്ന് നിരവധി രാഷ്‌ട്രീയ ചിന്താഗതികളും പാര്‍ട്ടികളും നമ്മുടെ ഏകതയെ തകര്‍ക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. പാര്‍ട്ടികള്‍ അവരുടെ പാര്‍ട്ടിയെ, അതിലൂടെ ജാതിയെ, മതത്തെ, സങ്കുചിത സ്വത്വത്തെ ഈ നാടിനു മുകളില്‍ പ്രതിഷ്ഠിച്ചാല്‍ നമ്മള്‍ എന്നന്നേക്കുമായി തകര്‍ന്നു പോകും. നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തോടൊപ്പം തുല്യനീതിയും സാഹോദര്യവും നിലനില്‍ക്കേണ്ടതാണ്.” ഇത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമായിരുന്നു. സാഹോദര്യത്തിലൂടെ മാത്രമേ കെട്ടുറപ്പുള്ള സമൂഹം സൃഷ്ടിക്കാന്‍ സാധിക്കൂ, എന്നതിനാല്‍ സ്വാതന്ത്ര്യവും തുല്യനീതിയും നിലനില്‍ക്കുന്ന സമൂഹ രചനയുടെ അടിസ്ഥാനമായി അദ്ദേഹം വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള സാഹോദര്യത്തെയാണ് പ്രാധാന്യത്തോടെ കണ്ടത്.

ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങളെ നിരാകരിച്ച രാഷ്‌ട്രീയ തത്വദര്‍ശി

മനുസ്മൃതിയെ നഖശികാന്തം എതിര്‍ത്തിരുന്ന വ്യക്തിയാണ് അംബേദ്കര്‍. എങ്കിലും, ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും, ഭരണഘടന നിര്‍മാണ സഭയില്‍ അദ്ദേഹം അവതരിപ്പിച്ചത് ഭാരതീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യത്തെ അംബേദ്കര്‍ വിശേഷിപ്പിച്ചത് ഭരണസംവിധാനം എന്ന രീതിയിലല്ല, ജീവിത രീതി ആയിട്ടാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ സര്‍ക്കാര്‍ എന്ന പരിമിതമായ വീക്ഷണത്തില്‍ നിന്നു വ്യത്യസ്തമായി, നമ്മുടെ നിത്യ വ്യവഹാരങ്ങളില്‍ എല്ലാം വ്യത്യസ്ത അഭിപ്രായങ്ങളെ കേള്‍ക്കുകയും ഒരുമിച്ചിരുന്നു തീരുമാനങ്ങള്‍ എടുക്കുകയും അതിനനുസരിച്ച് നടപ്പാക്കുകയും ചെയ്യുന്ന ജീവിതരീതിയും ഭരണരീതിയും ആണ് നമ്മുടെ ജനാധിപത്യം. ഇവിടെ അഭിപ്രായങ്ങളെ കേള്‍ക്കുന്നതില്‍ തുല്യ നീതിയും, അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതില്‍ സുതാര്യതയും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യുക്തിഭദ്രതയും, പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രായോഗികതയും വേണമെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഭരണഘടനാ നിര്‍മാണ സഭയിലെ ആദ്യ പ്രസംഗത്തില്‍ത്തന്നെ അദ്ദേഹം അതു വ്യക്തമാക്കുന്നുമുണ്ട്.

അവകാശങ്ങള്‍ക്കെതിരെ കയ്യേറ്റം നടക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ അവകാശങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന്” അദ്ദേഹം പറയുന്നു. അതുകൊണ്ട് ”സാമ്പത്തികവും സാമൂഹികവും രാഷ്‌ട്രീയവുമായ നീതി യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്ന വ്യവസ്ഥകള്‍ ഉണ്ടാവുകയാണ് വേണ്ടത്” എന്ന് വിലയിരുത്തുന്നു. ഒപ്പം തന്നെ, ”ഈ മഹാരാജ്യത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ഭാവി പരിണാമത്തെയും അന്തിമ രൂപത്തെയും കുറിച്ച് തന്റെ മനസ്സില്‍ സംശയത്തിന്റെ കണിക പോലും ഇല്ല” എന്നും ”ഇന്ന് രാഷ്‌ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ഭിന്നിച്ചു നില്‍ക്കുകയാണെങ്കില്‍ക്കൂടി, അതില്‍, താന്‍ സ്വയം ‘തമ്മിലടിക്കുന്ന ചേരികളുടെ’ ഒരു വക്താവായി അറിയപ്പെടുമ്പോഴും, ”കാലവും സാഹചര്യവും ഒത്തു വരുമ്പോള്‍ ഈ രാജ്യം ഒന്നായിത്തീരുന്നതിനെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന്” നീണ്ടകരഘോഷങ്ങള്‍ക്കിടയില്‍ പ്രസംഗത്തില്‍ അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. ഭാരതമാണ് ഒന്നാമത് എന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.

വിദ്യാഭ്യാസ നയം

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സമൂഹത്തിലെ എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമല്ല, പരമ്പരാഗത വിജ്ഞാനത്തെയും തൊഴില്‍ മേഖലകളേയും കളിയെയും കലയേയുമെല്ലാം ആധുനിക വിജ്ഞാനവുമായും ആവശ്യങ്ങളുമായും ബന്ധിപ്പിക്കുന്നുമുണ്ട്. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലൂടെ സമൂഹത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിദ്യാഭ്യാസ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള മന:സ്ഥിതി സൃഷ്ടിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളും, പ്രത്യേകിച്ചു ദളിത് ആദിവാസി വിഭാഗങ്ങളും പെണ്‍കുട്ടികളും വിദ്യാഭ്യാസം പൂര്‍ത്തിയാകാതെ കൊഴിഞ്ഞു പോകുന്ന സ്ഥിതി നിലനില്‍ക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഷ പൂര്‍ണമായും ആംഗലേയ അപ്രമാദിത്വത്തില്‍ തുടരുന്നത് ഗ്രാമീണ സമൂഹത്തിന്റെയും പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക സമുദായങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിയില്‍ തടസവും, അവരില്‍ അപകര്‍ഷതാബോധവും ജനിപ്പിക്കുന്നവയാണ്. ഇവിടെയാണ്, അംബേദ്കര്‍ സൂചിപ്പിച്ച അവകാശങ്ങളും അവസരങ്ങളും ഭരണഘടനയില്‍ ഉറപ്പു നല്‍കുമ്പോഴും അത് പ്രായോഗിക തലത്തില്‍ അനുഭവവേദ്യമാകുന്ന വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ നാം പരിശ്രമിച്ചിട്ടില്ലെങ്കില്‍ നിയമങ്ങള്‍ കേവലം ഏട്ടിലെ പശുക്കള്‍ മാത്രമായി അവശേഷിക്കും എന്ന നിലപാടിനെ പ്രസക്തമാക്കുന്നത്.

75 വര്‍ഷത്തിലധികമായി തുടരുന്ന വിദ്യാഭ്യാസ പദ്ധതിയിലെ കൊളോണിയല്‍ മന:സ്ഥിതിയെ തുടച്ചുനീക്കാനും ഭാരതീയ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാനുമുള്ള ഇച്ഛാശക്തിയാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനുസരണം കോഴ്സുകള്‍ തിരഞ്ഞെടുക്കാനും, ഏതുസമയത്തും കോഴ്സുകള്‍ മാറ്റിയെടുക്കാനും, പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും, സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും തന്നെ മാറി പഠിക്കാനും, അവസരം നല്‍കാന്‍ പുതിയ വ്യവസ്ഥകള്‍ തയ്യാറാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന അക്കാദമിക് ക്രെഡിറ്റ് ബാങ്കിലൂടെ കൊഴിഞ്ഞുപോക്കിനേയും വിദ്യാഭ്യാസ തുടര്‍ച്ച ഇല്ലാതാക്കുന്നതിനെയും ഇന്ന് ഫലപ്രദമായി അഭിസംബോധന ചെയ്യുന്നു. വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതും, വിദ്യാഭ്യാസത്തിന്റെ ഭാഷ വിദ്യാര്‍ത്ഥിയുടെ ഇഷ്ട ഭാഷയാക്കുന്നതും, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തങ്ങളുടെ പരിസരങ്ങളില്‍ നിന്ന് ആരംഭിക്കുന്നതും എല്ലാം അംബേദ്കര്‍ മുന്നോട്ടുവെച്ച സാമൂഹ്യ നീതി നിര്‍വ്വഹണ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരങ്ങളാണ്.

സാമൂഹ്യ പരിഷ്‌കരണ രംഗത്ത് നിലപാടുകള്‍ സ്വീകരിക്കുന്നതിനുവേണ്ടി, അംബേദ്കര്‍ ഭാരതത്തിന്റെ ചരിത്രത്തെയും ദര്‍ശനങ്ങളെയും ഇതിഹാസപുരാണങ്ങളെയും ആഴത്തില്‍ പഠിച്ച് വിശകലനം ചെയ്തു. ആര്യന്‍ ആക്രമണവാദ സിദ്ധാന്തത്തെ വസ്തുനിഷ്ഠമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിരാകരിക്കുന്നത്. ജാതി ശ്രേണികളുടെ രൂപീകരണവും അതുണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക വിഭജനങ്ങളും, അതിനെ ദൂരീകരിക്കാനുള്ള ഭാരതീയ ശ്രമങ്ങളില്‍ കാലോചിതമായി സ്വീകരിക്കേണ്ട രീതിയേയും അദ്ദേഹം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെയും വിവിധ പ്രസ്ഥാനങ്ങളുമായും വ്യക്തികളുമായും നടത്തിയ ആശയവിനിമയത്തിലൂടെയും പ്രതിപാദിച്ചിട്ടുണ്ട്. ആ ചിന്തകളും വീക്ഷണങ്ങളും പുതിയ പാഠപുസ്തകങ്ങളിലും കാണാം.

ബ്രിട്ടീഷ് അധിനിവേശത്തെ മാത്രം വൈദേശിക അധിനിവേശമായി കാണുന്ന നിലവിലെ പാഠപുസ്തകങ്ങളുടെ സമീപനത്തെ മാറ്റി നിര്‍ത്തി, അംബേദ്കറുടെ വീക്ഷണത്തിലൂടെയാണ് പുതിയ പാഠപുസ്തകങ്ങള്‍ സമീപിക്കുന്നത്. യൂറോപ്യന്‍ അധിനിവേശത്തെ ക്രിസ്തുമത വിശ്വാസത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ തയ്യാറാക്കാത്തതു പോലെ, ഇസ്ലാമിക അധിനിവേശത്തെയും മതത്തിന്റെ പേരില്‍ ന്യായീകരിക്കേണ്ടതില്ല എന്ന നിലപാടാണ് പാഠപുസ്തകങ്ങള്‍ പിന്തുടരുന്നത്. ഇസ്ലാമിക ഭരണം ഭാരതീയ സമൂഹത്തില്‍ ഏല്‍പ്പിച്ച ആഘാതത്തേ വസ്തുനിഷ്ഠമായി വിലയിരുത്തുകയും കൃത്യമായി വിളിച്ചു പറയുകയും ചെയ്ത അംബേദ്കറെ പോലുള്ള മറ്റൊരു വ്യക്തിയും ഭാരതീയ രാഷ്‌ട്രീയത്തില്‍ ഉണ്ടായിട്ടില്ല. വസ്തുതകള്‍ അവതരിപ്പിക്കുകയും, അതിന്റെ വിവിധ വശങ്ങള്‍ യുക്തിഭദ്രമായി സംവാദത്തിന് വിടുകയും ചെയ്യുന്ന രീതിയാണ് പുതിയ പാഠപുസ്തകങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് അംബേദ്കറുടെ നിലപാടും.

ഭാരതത്തിന്റെ സാംസ്‌കാരിക ഏകത, സാമ്പത്തിക സാധ്യത എന്നിവ ചരിത്രപശ്ചാത്തലത്തിലാണ് അംബേദ്കന്‍ അപഗ്രഥിച്ചത്്. ഹിന്ദുമതത്തിലെ ജാതി വിവേചനത്തെ എത്ര തീഷ്ണമായി വിമര്‍ശിക്കുന്നുണ്ടോ അതിലും ഒട്ടും കുറയാത്ത രൂക്ഷഭാഷയിലാണ് ഇസ്ലാം മതത്തിന്റെ അപരമതനിന്ദയേയും വേരിടല്‍ വാദത്തേയും അദ്ദേഹം വിമര്‍ശിക്കുന്നത്. മാപ്പിളലഹളയെ കര്‍ഷക ലഹളയായും സ്വാതന്ത്ര്യസമരമായും വിമോചന സമരമായും വ്യാഖിനിക്കുന്ന പാഠഭാഗത്തെ ഇസ്ലാമിക ഭീകരതയുടേയും പാകിസ്ഥാന്‍ രൂപീകരണത്തിന്റെ ബിജാവാപവുമായാണ് അംബേദ്കര്‍ വിലയിരുത്തുന്നത്. ചരിത്രപഠനം പാഠപുസ്തകങ്ങളില്‍ ഒതുങ്ങാതെ അന്വേഷണമായി മാറുമ്പോള്‍, ആധുനിക ഭാരതത്തെ പഠിക്കാനുള്ള ഏറ്റവും പ്രധാന സോഴ്സ് ബുക്കായി അംബേദ്കര്‍ മാറും. അത് ഇന്ന്വരെ ചിലര്‍ വളര്‍ത്തിയെടുത്ത പല ആഖ്യാനങ്ങളെയും പൊളിച്ചെഴുതും. ഭാരതത്തെ പഠിക്കാനുള്ള തുറന്ന പുസ്തകമാണ് ഡോ. അംബേദ്കറുടെ ജീവിതവും രചനകളും. അത് വ്യക്തിയുടെ നിയമപാലനവും ധാര്‍മ്മിക മൂല്യബോധവും തുടങ്ങി സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും വ്യവസ്ഥയില്‍ക്കൂടി പരിണമിച്ച്, സമ്പൂര്‍ണ്ണ പ്രകൃതിയുടെയും സ്ഥായിയായ ഉന്നമനത്തിന്റെയും ജീവിതക്രമത്തിലേക്ക് പരിണമിക്കുന്നു. ബുദ്ധം ശരണത്തില്‍ നിന്നു സംഘം ശരണത്തിലേക്കും അവിടെ നിന്നു ധര്‍മ്മം ശരണത്തിലേക്കും ഉദ്ക്രമിക്കുന്ന ബൗദ്ധപഥമാണ് അംബേദ്കര്‍ വിഭാവനം ചെയ്യുന്നത്. നിര്‍ഭയത്വം, നിസ്സങ്കോചം, നിസ്വാര്‍ത്ഥം, നൈരന്തര്യം തുടങ്ങിയ ശാശ്വതമൂല്യങ്ങള്‍ ജീവിതത്തിലും സുഹൃദ് – രാഷ്‌ട്രീയ വ്യവസ്ഥകളിലും പുനസ്ഥാപിക്കുക എന്നതാണ് അംബേദ്കറിനു നാം സമര്‍പ്പിക്കേണ്ട ശ്രദ്ധാഞ്ജലി.

(ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)

By admin