
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സിപിഎം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കടുത്ത മതപ്രീണനവുമായി രംഗത്ത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ വീടുകളില്‍ കയറുമ്പോള്‍ പറയേണ്ട ക്യാപ്സൂളുകളാണ് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ പത്തു പേജുള്ള മാര്‍ഗരേഖയിലുള്ളത്. മതംതിരിച്ച് വോട്ടര്‍മാരെ അഭിമുഖീകരിക്കുക മാത്രമല്ല, പ്രീണനവും ലക്ഷ്യമിടുന്നു. കൈവിട്ടുപോയ സംഘടിത ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുക എന്നത് മാത്രമായി സിപിഎം പ്രചാരണം മാറി കഴിഞ്ഞു.
ബിജെപി, ആര്‍എസ്എസ് തുടങ്ങിയ പതിവ് വിമര്‍ശനായുധങ്ങള്‍ മത്രമല്ല, ഇത്തവണ എസ്എന്‍ഡിപിയേയും സിപിഎം തള്ളിപ്പറയുന്നു എന്നതാണ് പ്രത്യേകത. മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങള്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുന്ന സാഹചര്യത്തില്‍ വോട്ട് ബാങ്കിനായി അദ്ദേഹത്തെ തള്ളിപ്പറയുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ തെറ്റായ പ്രസ്താവന നടത്തിയപ്പോള്‍ എതിര്‍ത്തത് സിപിഎം മാത്രമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വെള്ളാപ്പള്ളി തുറന്നു പറഞ്ഞതിനെയാണ് തെറ്റായ പ്രസ്താവനയെന്ന് സിപിഎം കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും നടപടി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഉണ്ടായിട്ടില്ല, ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ മുസ്ലിം സമൂഹത്തിനൊപ്പമാണ് പാര്‍ട്ടി, മുസ്ലിം സമൂഹത്തിനെതിരായ വിവേചനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചത് സിപിഎമ്മാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയണം. സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുസ്ലിങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം, അയോദ്ധ്യയിലെ പ്രതിഷ്ഠയ്‌ക്ക് എതിരായ നിലപാട്, കോഴിക്കോട് ഹജ് ഹൗസില്‍ സ്ത്രീകള്‍ക്കു പ്രത്യേക ബ്ലോക്ക് ഉദ്ഘാടനം, കണ്ണൂരില്‍ പുതിയ ഹജ്ജ് ഹൗസ്, മദ്രസ അദ്ധ്യാപകരുടെ ക്ഷേമനിധി ബോര്‍ഡ്, ആവശ്യാനുസരണം പ്ലസ് ടു ബാച്ച് അനുവദിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ക്രൈസ്തവ ന്യൂനപക്ഷത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ നേരിടാനും ക്യാപ്‌സ്യൂള്‍ ഉണ്ട്. ജെബി കോശി റിപ്പോര്‍ട്ടാണ് അതില്‍ പ്രധാനം. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പരിശോധിക്കാറുണ്ട്. നിയമഭേദഗതികള്‍ ആവശ്യമായതും പ്രത്യേക നയപരമായ തീരുമാനം ആവശ്യമായതും ഒഴികെയുള്ള കാര്യങ്ങള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ വിവിധ സംഘടനകളുമായി ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. സ്വകാര്യ സ്‌കൂളുകളിലെ ഭിന്നശേഷി നിയമനങ്ങള്‍ സംബന്ധിച്ച് എന്‍എസ്എസിനു ലഭിച്ച ഇളവ് മറ്റു മാനേജ്‌മെന്റുകള്‍ക്കും നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് തുടങ്ങിയവ ഇതില്‍പ്പെടുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ തെറ്റിന്റെ സ്വഭാവം വ്യക്തമായിരുന്നില്ല. കുറ്റപത്രത്തില്‍ അതു വ്യക്തമാകുന്ന ഘട്ടത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നാണ് വീടുകളില്‍ പറയേണ്ടതെന്നാണ് നിര്‍ദേശം. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാനാകാതെ ജനങ്ങളെ മതങ്ങളുടെ പേരില്‍ കള്ളിതിരിച്ച് പ്രചാരണം നടത്തി മുതലെടുപ്പിന് സിപിഎം ശ്രമിക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.