
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തെത്തുടർന്ന് മകൻ തേജസ്വി യാദവും മകൾ രോഹിണി ആചാര്യയും തമ്മിലുള്ള വഴക്കിൽ ഇടപ്പെട്ട് പിതാവും ആർജെഡി ദേശീയ പ്രസിഡൻ്റുമായ ലാലു പ്രസാദ് യാദവ്. ഇവരുടെ വഴക്കിനെ പരാമർശിച്ചുകൊണ്ട് തന്റെ പാർട്ടി നേതാക്കളോട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് ലാലു അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ ശനിയാഴ്ച കുടുംബത്തിലെ ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ പുറത്തുവന്നതിനുശേഷം ആദ്യമായിട്ടാണ് ലാലുവിന്റെ ഇപ്പോഴത്തെ പ്രതികരണം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആർജെഡി എംഎൽഎമാരുടെ യോഗത്തിലായിരുന്നു ഇത്.
“ഇത് ഒരു ആഭ്യന്തര കുടുംബകാര്യമാണ്, കുടുംബത്തിനുള്ളിൽ ഇത് പരിഹരിക്കപ്പെടും. ഇത് കൈകാര്യം ചെയ്യാൻ ഞാൻ അവിടെയുണ്ട്,” – ലാലു പട്‌നയിൽ നടന്ന ഒരു യോഗത്തിൽ പറഞ്ഞു.
ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മൂത്ത മകൾ മിസ ഭാരതി, ജഗദാനന്ദ് സിംഗ് എന്നിവരുൾപ്പെടെ മുതിർന്ന ആർജെഡി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ബീഹാർ തെരഞ്ഞെടുപ്പിനായി തേജസ്വി വളരെ കഠിനാധ്വാനം ചെയ്തുവെന്നും 243 അംഗ നിയമസഭയിൽ ആർജെഡിക്ക് 25 സീറ്റുകൾ മാത്രമേ നേടാനായുള്ളൂവെന്നും ആർജെഡി നേതാവ് പറഞ്ഞു. 2010 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിതെന്നും തേജസ്വി പറഞ്ഞു. കൂടാതെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുക മാത്രമേ ചെയ്യൂ എന്ന് തേജസ്വി പറഞ്ഞതായും വൃത്തങ്ങൾ അറിയിച്ചു. തേജസ്വിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.
നേരത്തെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷം ശനിയാഴ്ച തേജസ്വി യാദവ് രോഹിണി ആചാര്യയുമായി രൂക്ഷമായ തർക്കം നടത്തിയതായിട്ടാണ് റിപ്പോർട്ട്. പട്നയിലെ അവരുടെ വസതിയിൽ നടന്ന വാദത്തിനിടെ പ്രതിപക്ഷ ബ്ലോക്കിന്റെ മുഖ്യമന്ത്രി മുഖമായിരുന്ന തേജസ്വി തോൽവിക്ക് ആചാര്യയെ കുറ്റപ്പെടുത്തി.
“തുംഹാരെ കരൺ ഹം ചുനാവ് ഹാർ ഗേ (നിങ്ങൾ കാരണം ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു). തുംഹാരെ ഹായ് ലഗ് ഗയാ ഹം ലോഗോ കോ (നിങ്ങൾ കാരണം ഞങ്ങൾ ശപിക്കപ്പെട്ടിരിക്കുന്നു),” – തേജസ്വി തന്റെ മൂത്ത സഹോദരിയോട് പറഞ്ഞതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പുറമെ തേജസ്വി ദേഷ്യത്തോടെ സഹോദരിയുടെ നേർക്ക് ചെരുപ്പ് എറിഞ്ഞ് അവരെ അധിക്ഷേപിച്ചുവെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.