• Mon. Aug 11th, 2025

24×7 Live News

Apdin News

വീട്ടിൽ മദ്യമെത്തിക്കൽ പദ്ധതി; പരീക്ഷണം ഫലിച്ചു, സർക്കാരിന്റേത് കള്ളക്കളി

Byadmin

Aug 11, 2025



 

തിരുവനന്തപുരം: വീടുകളിൽ ഓൺലൈൻവഴി മദ്യമെത്തിക്കാനുള്ള പദ്ധതി വൈകാതെ സർക്കാർ നടപ്പാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകഴിഞ്ഞാൽ പദ്ധതിക്ക് അനുമതിയാകും. ഇപ്പോൾ ഈ വിഷയം ചർച്ചയാക്കിയത് പരീക്ഷണമായിരുന്നു, പ്രാവർത്തികമാക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നു.
ബിവറേജസ് കോർപ്പറേഷൻ എംഡി: ഹർഷിത അത്തല്ലൂരി ഐപിഎസ് ഇതുസംബന്ധിച്ച് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ,ഓൺലൈൻവഴി മദ്യവിൽപ്പന എന്ന കോർപ്പറേഷന്റെ ആവശ്യം സർക്കാർ അംഗീകരിക്കും, അംഗീകരിക്കേണ്ടിവരും എന്ന് വിശ്വാസംപ്രകടിപ്പിച്ചു. സംസ്ഥാനത്ത് മദ്യവിതരണത്തിന് പര്യാപ്തമായ വിൽപ്പനശാലകൾ ഇല്ലെന്നും ഈ പദ്ധതിവഴി 500 കോടി അധികവരുമാനം ഉണ്ടാക്കാൻ കഴിയുമെന്നാണ് എംഡി കണക്കുകൾ നിരത്തിയത്.
മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതി ദൂരവ്യാപക ദുരന്തഫലം ഉണ്ടാക്കാനിടയുള്ളതാണെങ്കിലും സർക്കാരിന്റെ പുതിയ നീക്കത്തോട് അത്ര വലിയ എതിർ പ്രതികരണം ഉണ്ടായില്ല എന്നാണ് വിലയിരുത്തൽ.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകാലത്ത് ഇങ്ങനെയൊരു തീരുമാനം ചർച്ചപോലുമാക്കാൻ സർക്കാർ തയാറായതിന്റെ പിന്നിലെ രാഷ്‌ട്രീയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മദ്യത്തിന്റെയും മറ്റുലഹരിയുടെയും ദുരിതം ഏറ്റവും അനുഭവിക്കുന്ന വീട്ടമ്മമാർ ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് ഉറപ്പായിരിക്കെ എന്തുകൊണ്ട് ഈ സമയത്ത് ഇത് ചർച്ചയാക്കി എന്നതിലാണ് സിപിഎമ്മിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും കൗശലം വ്യക്തമാകുന്നത്.
കോർപ്പറേഷൻ എംഡി വനിതയാണ്. വനിതകളെ ബാധിക്കുന്ന ഈ വിഷയം ഒരു വനിതയെക്കൊണ്ട് അവതരിപ്പിച്ചത് കൗശലമാണ്. അതേസമയം വനിതകളെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ ഈ ആവശ്യം തള്ളി എന്ന പൊതു ധാരണ ഉണ്ടാക്കിയാൽ രാഷ്‌ട്രീയമായി ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ചർച്ചയാകുകയും ചെയ്യും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകഴിഞ്ഞാൽ മദ്യത്തിന്റെ ഓൺലൈൻ വിൽപ്പന നടപ്പാക്കുകയും ചെയ്യും.
അതേസമയം, മദ്യത്തിന്റെ ഓൺലൈൻ വിൽപ്പന ഏറ്റവും ബാധിക്കാനിടയുള്ളത് ബാറുകളെ ആണെന്നതിനാൽ, തെരഞ്ഞെടുപ്പുകാലത്ത് അവരെ സമ്മർദ്ദത്തിലാക്കി ‘തെരഞ്ഞെടുപ്പുഫണ്ട്’ സമാഹരിക്കാനുള്ള വളഞ്ഞ വഴിയിലെ പരിശ്രമവും ഈ ഓൺലൈൻ നയ ചർച്ചയുടെ പിന്നാമ്പുറത്ത് നടത്താൻ കഴിയുന്നുവെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

By admin