ഡല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്‌മാന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്‌വി എന്നിവര്‍ വാദിച്ചു. ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നുമാണ് വാദം.
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.