ചില ഭക്ഷണങ്ങൾ രണ്ടുതവണ ചൂടാക്കി കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും കൂടാതെ അവയിലെ ചില ചേരുവകളുടെ രാസഘടന തന്നെ മാറും. ചിലത് ആവർത്തിച്ച് ചൂടാക്കുമ്പോൾ അവ കാൻസറിന് വരെ കാരണമായേക്കാവുന്ന ചില പദാർഥങ്ങൾ പുറത്തുവിടും. വിണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം?
ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നവരല്ലേ നമ്മളിൽ പലരും. എന്നാൽ പാചകം ചെയ്തെടുത്ത ചോറ് മുറിയിലെ താപനിലയിൽ വീണ്ടും ഒരുപാട് നേരം വയ്‌ക്കുമ്പോൾ അതിൽ ബാക്റ്റീരിയകൾ വരും.
പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചീര. ഇതെല്ലാം കഴിക്കുന്നത് ആരോഗ്യത്തിന് വളരേയേറെ ഗുണം ചെയ്യും. എന്നാൽ ഒരു കാര്യമുണ്ട്. ഇവ പാകം ചെയ്ത് കഴിഞ്ഞാൽ അന്നുതന്നെ കഴിക്കുന്നതാണ് നല്ലത്. അടുത്ത ദിവസത്തേയ്‌ക്ക് മാറ്റി വയ്‌ക്കുന്നത് ഉചിതമല്ല. ഇവ വീണ്ടും ചൂടാക്കുന്നത് വഴി ഇതിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള നൈട്രേറ്റുകളെ നൈട്രോസാമിനുകളായി മാറ്റിയേക്കാം.നൈട്രോസാമിനുകൾ എന്നത് ഒരു കൂട്ടം രാസ സംയുക്തങ്ങളാണ്. അവയിൽ ചിലത് കാർസിനോജെനിക് ആണ്, അതായത് അവയ്‌ക്ക് കാൻസറിന് കാരണമാകാൻ കഴിയും. ചീരയ്‌ക്ക് മാത്രമല്ല കാബേജ്, സെലറി എന്നിവയ്‌ക്കും ഇത് ബാധകമാണ്.
വളരെ മൃദുലമാണ് കൂണുകൾ. കൂൺ പാകം ചെയ്ത് കഴിഞ്ഞാൽ അതിലെ പ്രോട്ടീനുകൾ വേഗത്തിൽ വിഘടിക്കാൻ തുടങ്ങും. ഉണ്ടാക്കി അന്നു തന്നെ കഴിക്കാതെ അവ വീണ്ടും ചൂടാക്കുമ്പോൾ ഈ പ്രക്രിയയുടെ വേഗം കൂടുന്നു. ഇതു മൂലം വയറിന് അസ്വസ്ഥത ഉണ്ടായേക്കാം. മാത്രമല്ല ഉണ്ടാക്കിയതിന്റെ സ്വാഭാവിക രുചിയും നഷ്ടപ്പെട്ടേക്കാം.
നന്നായി വറുത്തെടുത്ത, ചുട്ടെടുത്ത, പുഴുങ്ങിയതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് വളരെ രുചികരമാണ്. പക്ഷേ അത് ഒരുപാട് നേരം പുറത്ത് വച്ചാൽ ബാക്ടീരിയ വളരാൻ സാധ്യതയുണ്ട്. അങ്ങനെ വീണ്ടും ചൂടാക്കുമ്പോൾ എല്ലായ്‌പ്പോഴും ഈ ബാക്ടീരിയ നശിക്കണമെന്നില്ല.ഉരുളക്കിഴങ്ങ് വീണ്ടും വീണ്ടും ചൂടാക്കുന്നത് അതിലെ അന്നജത്തെ പതുക്കെ മാറ്റുകയും, ദഹിക്കാൻ പ്രയാസമുണ്ടാക്കുകയും, ദോഷകരമാകാനും സാധ്യതയുണ്ട്