• Tue. Apr 22nd, 2025

24×7 Live News

Apdin News

വീണ്ടും സുപ്രീംകോടതിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

Byadmin

Apr 22, 2025


സുപ്രീംകോടതിയെ വീണ്ടും വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനപ്രകാരം ഏറ്റവും ഉന്നതമായ സ്ഥാപനം പാര്‍ലമെന്റാണെന്നും ഇതിന് മുകളില്‍ ഒരു സ്ഥാപനവും ഇല്ലെന്നും തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ സംബന്ധിച്ച ഉത്തരവാദിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ദിരാഗാന്ധി 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സുപ്രീംകോടതി അതില്‍ ഇടപെടാന്‍ തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍ ഒമ്പത് ഹൈകോടതികളുടെ വിധി തള്ളി അതിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഭരണഘടനയുടെ ആമുഖം സംബന്ധിച്ചും വ്യത്യസ്തമായ വിധികളാണ് കോടതി പുറപ്പെടുവിച്ചത്. ഗൊരക്‌നാഥി കേസില്‍ ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. എന്നാല്‍, കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ ഭാഗമാണ് ആമുഖമെന്നാണ് കോടതി വ്യക്തമാക്കിയത്’-ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. ധന്‍കറിന്റെ കോടതി വിമര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ധന്‍കറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

By admin