എം. വെങ്കയ്യ നായിഡു
മുന്‍ ഉപരാഷ്‌ട്രപതി
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് നാം പാര്‍ലമെന്റിനെ വിശേഷിപ്പിക്കുന്നത്. ആ പാര്‍ലമെന്റ് സംവിധാനത്തിന്റെ നിലവാരത്തിലുണ്ടാകുന്ന കുത്തനെയുള്ള ഇടിവ് ആരോഗ്യകരമായ പാര്‍ലമെന്ററി ജനാധിപത്യത്തിന് ഭൂഷണമല്ല. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ശബ്ദം, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നയ രൂപീകരണങ്ങളിലൂടെയും ഉയരേണ്ട വിശുദ്ധ ഇടമാണത്. അതിനുപകരം തുടര്‍ച്ചയായ തടസ്സപ്പെടുത്തലുകളിലൂടെ അത് നമ്മെ നിരാശപ്പെടുത്തുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വര്‍ധിച്ചുവരുന്ന ഇത്തരത്തിലുള്ള കുത്തഴിഞ്ഞ പെരുമാറ്റം മനസ്സുമടുപ്പിക്കുന്നു. പക്വതയില്ലായ്‌മ, നിരാശ, സഭയോടുള്ള അനാദരവ് എന്നിവയുടെ സംയോജനമാണ് ഇതെല്ലാം. ചില എംപിമാരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും പെരുമാറ്റത്തില്‍ ഇത് പ്രകടമാണ്.
വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടക്കുന്നതിനും പൊതുജന നന്മയെക്കരുതി രൂപപ്പെടുത്തിയ നയങ്ങളില്‍ നിന്ന് സദ്ഭരണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പാര്‍ലമെന്ററി ജനാധിപത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതും മുദ്രാവാക്യം വിളികളും സഭ നിര്‍ത്തിവയ്‌ക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഈ പ്രവണത അനാരോഗ്യകരം മാത്രമല്ല, ജനാധിപത്യ ഭരണത്തിന്റെ ആത്മാവിനെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത്തരം മോശം പെരുമാറ്റം പാര്‍ലമെന്ററി സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തും.
പ്രവര്‍ത്തനനിരതമായ ഒരു ജനാധിപത്യത്തിന് ഏറ്റുമുട്ടലുകളല്ല, ചര്‍ച്ചകളാണ് വേണ്ടതെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. എല്ലാവരുടേയും കാഴ്ചപ്പാടുകള്‍ വിലമതിക്കപ്പെടുന്ന ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നതിനെയാണ് പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുത്തുക മാത്രമല്ല, വിലപ്പെട്ട സമയവും വിഭവങ്ങളും മികച്ച ഭരണത്തിനുള്ള അവസരങ്ങളും പാഴാക്കുകയും ചെയ്യും.
പക്വതയും ക്ഷമയും ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള താല്‍പര്യവും എല്ലാം നല്ല പാര്‍ലമെന്റ് അംഗങ്ങളുടെ ഗുണങ്ങളാണെന്ന് നേതാക്കള്‍ മനസ്സിലാക്കണം. മുന്‍കാലങ്ങളില്‍, ഡോ. ബാബാ സാഹേബ് അംബേദ്കര്‍, സി. രാജഗോപാലാചാരി, മിനു മസാനി, ശ്യാമപ്രസാദ് മുഖര്‍ജി, അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, എ.കെ. ഗോപാലന്‍, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍, ആചാര്യ കൃപലാനി, ഹിരേന്‍ മുഖര്‍ജി, ഭൂപേഷ് ഗുപ്ത, പിലൂ മോദി, സോമനാഥ് ചാറ്റര്‍ജി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, ജയ്‌പാല്‍ റെഡ്ഡി തുടങ്ങി നിരവധി മാതൃകാ പാര്‍ലമെന്റ് അംഗങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. അവര്‍ ചര്‍ച്ചയുടെ നിലവാരം ഉയര്‍ത്തുകയും ശക്തമായ പ്രസംഗങ്ങളിലൂടെ നമ്മെ സ്വാധീനിക്കുകയും ചെയ്തിരുന്നു. സഭാ നടപടിക്രമങ്ങളോടുള്ള അവരുടെ സമീപനത്തിലെ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായിരുന്നു രാഷ്‌ട്ര താല്‍പര്യം.
അതിവൈകാരികത സംവാദത്തെ സമ്പന്നമാക്കുന്നതിന് പകരം വഴിതെറ്റിക്കുന്നതാവരുത്. ഭാരതത്തെ പോലെ വൈവിധ്യവും ബഹുസ്വരതയുമുള്ള സമൂഹത്തില്‍ വിയോജിപ്പുകള്‍ അനിവാര്യവും അഭിലഷണീയവുമാണ്. അത്തരം വിയോജിപ്പുകള്‍ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിലാണ് കാര്യം. ബഹുമാനവും മര്യാദയും ക്രിയാത്മകതയും ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളേയും മികച്ച തീരുമാനമെടുക്കലിന് സംഭാവന ചെയ്യാന്‍ അനുവദിക്കും. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ സമവായത്തോടെയുള്ള നിയമനിര്‍മാണം സാധ്യമാക്കുമെന്ന് ചരിത്രം നമ്മോട് പറയുന്നു.
ജനങ്ങളോടുള്ള ഉത്തരവാദിത്തം ഓരോ പാര്‍ലമെന്റ് അംഗങ്ങളുടേയും മൗലികമായ കടമയാണെന്നത് ചില അംഗങ്ങള്‍ മറക്കുന്നു. തടസ്സപ്പെടുത്തലുകളും മാനദണ്ഡമാകുമ്പോള്‍, ചോദ്യം ചെയ്യലിലൂടെയും വിമര്‍ശനത്തിലൂടെയും സര്‍ക്കാരിനെ ഉത്തരവാദപ്പെടുത്താനുള്ള അവസരം ജനങ്ങള്‍ക്ക് നഷ്ടമാകുന്നു. പാര്‍ലമെന്റ് എന്ന സ്ഥാപനം കക്ഷി താല്‍പര്യങ്ങളേക്കാള്‍ വലുതാണ്.
പാര്‍ലമെന്റ് സമ്മേളനങ്ങളുടെ വിലയേറിയ ദിവസങ്ങള്‍ പ്രതിഷേധം, തടസ്സപ്പെടുത്തല്‍, ഉല്‍പാദനക്ഷമമല്ലാത്ത പെരുമാറ്റം എന്നിവയാല്‍ നഷ്ടപ്പെടുമ്പോള്‍ ജനത്തിന് അവരുടെ അവകാശം നിഷേധിക്കപ്പെടുന്നു. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നത് നമ്മുടെ നികുതിദായകരുടെ ചിലവിലാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഒരു സാധാരണക്കാരന്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍ സ്വന്തം പെരുമാറ്റത്തേയും അത് അവരുടെ നിയോജകമണ്ഡലങ്ങളില്‍ ചെലുത്തുന്ന മതിപ്പിനേയും കുറിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ആത്മപരിശോധന നടത്തണം.
നഷ്ടപ്പെട്ട ആരോഗ്യകരമായ സംവാദ സംസ്‌കാരം പുനസ്ഥാപിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. ചര്‍ച്ച ചെയ്യുക, സംവദിക്കുക, ആലോചിച്ച് തീരുമാനിക്കുക, പക്ഷേ തടസ്സപ്പെടുത്തരുത്. ഇതാണ് ഞാന്‍ എല്ലായ്‌പ്പോഴും പറയുന്നത്.
രാജ്യത്തിന് അടിയന്തിരമായി വേണ്ടത്, കാഴ്ചയ്‌ക്ക് പകരം സത്തയിലേക്കുള്ള തിരിച്ചുവരവ്, തടസ്സപ്പെടുത്തലിന് പകരം സംഭാഷണം എന്നിവയാണ്.
(എം. വെങ്കയ്യ നായിഡുവിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്)