
കണ്ണൂര്‍: കെ എസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണ ജോര്‍ജിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ കഴുത്തിനേറ്റ ക്ഷതത്തില്‍ വിദഗ്‌ദ്ധ പരിശോധന വേണമെന്നും എം ആര്‍ ഐ സ്‌കാന്‍ വേണമെന്നും നിര്‍ദ്ദേശിച്ച പ്രകാരമാണിത്.
അതേസമയം, മന്ത്രിയുടെ ഗണ്‍മാന്റെ പരാതിയില്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അതുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കതിരെ വധശ്രമം ഉള്‍പ്പെടെ 11വകുപ്പുകള്‍ ചേര്‍ത്ത് റെയില്‍വേ പൊലീസ് കേസെടുത്തു.കസ്റ്റഡിയിലുളള ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവമായതിനാല്‍ റെയില്‍വേ ആക്ട് പ്രകാരമുളള രണ്ട് വകുപ്പുകളും ബി എന്‍ എസിലെ ഒമ്പത് വകുപ്പുകളുമാണ് ചേര്‍ത്തത്.
ആയുധമുപയോഗിച്ച് കഴുത്തിന് പിടിച്ചു, കൊല്ലടാ എന്ന് ആക്രോശിച്ചു എന്നിങ്ങനെ എഫ് ഐ ആറില്‍ പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.15ഓടെ തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ മടങ്ങാന്‍ എത്തിയ മന്ത്രിയെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയായിരുന്നു.എന്നാല്‍ മന്ത്രിയെ ആക്രമിച്ചു എന്നാണ് ആരോപണം. ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. മന്ത്രിയുടേത് അഭിനയം ആണെന്നാണ് തിരിച്ചുളള ആരോപണം.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇടത് സംഘടനകള്‍ കോണ്‍ഗ്രസ് ഓഫിസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ കൊടിമരം വ്യാപകമായി നശിപ്പിച്ചു.