ന്യൂദല്‍ഹി: ആശ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ദല്‍ഹിക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ ജോര്‍ജ് ‘ആശമാരെ’ മാത്രമല്ല കേരളത്തെയാകെ വഞ്ചിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ക്യൂബയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ വരാനാണ് ആശ സമരം കാരണമാക്കിയത്. അത്താഴവിരുന്ന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയെന്നിരിക്കെ , മന്ത്രി അക്കാര്യം മാധ്യമങ്ങളോടടക്കം മറച്ചുവച്ചു. കേരളസര്‍ക്കാര്‍ ഹോണറേറിയം കൂട്ടാത്തതാണ് ആശ വര്‍ക്കേഴ്‌സ് സമരം തുടരാന്‍ കാരണം. പക്ഷേ സമരത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് മേല്‍ കെട്ടിവയ്‌ക്കാനാണ് മന്ത്രിയുടെ ദല്‍ഹി നാടകമെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.