
പത്തനംതിട്ട: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വെളളിയാഴ്ച പുലര്‍ച്ചെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം മന്ത്രി വീണ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലെന്ന് അറിയിപ്പ്. മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ മന്ത്രിയുടെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു.നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കഴുത്തിന് പരിക്കേറ്റെന്ന് പറഞ്ഞ് പരിയാരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മന്ത്രി ഔദ്യോഗിക വാഹനത്തില്‍ 400ഓളം കിലോമീറ്റര്‍ യാത്ര ചെയ്ത് പത്തനംതിട്ടയിലെ വീട്ടിലെത്തിയത് എങ്ങനെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. കണ്ണൂര്‍ റെയില്‍ വേ സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ആക്രമണത്തിനിരയായി എന്നും കഴുത്തിന് പരിക്കേറ്റെന്നുമാണ് വീണ ജോര്‍ജും സി പി എം നേതാക്കളും പറഞ്ഞത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് സമീപം പോലും എത്തിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.മന്ത്രിക്ക് അഭിനയത്തിനുളള ഓസ്‌കാര്‍ പുരസ്‌കാരം നല്‍കണമെന്നും പരിഹസിച്ചു.