മഴയെ തുടര്‍ന്ന് വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കേരളം ഉജ്ജ്വല ജയവുമായി മുന്നേറ്റം നേടി. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 18 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തപ്പോള്‍, മഴ തടസ്സപ്പെടുത്തിയതിനാല്‍ കേരളത്തിന് 12 ഓവറില്‍ 65 റണ്‍സെന്ന പുതുക്കിയ ലക്ഷ്യം ലഭിച്ചു. നാല് പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം ലക്ഷ്യം പിന്തുടര്‍ന്ന് വിജയത്തിലേക്ക് എത്തി.
കേരളത്തിന് വേണ്ടി മനസ്വിയും ഇസബെല്ലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഛത്തീസ്ഗഢിനായി പലക് സിംഗ് 7 പന്തില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്നത് മാത്രമാണ് ശ്രദ്ധേയമായ പ്രകടനം.
ലക്ഷ്യം പിന്തുടര്‍ന്ന കേരളം തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മനസ്വിയും ശ്രദ്ധ സുമേഷും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മനസ്വി 32 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍, ശ്രദ്ധ 15 റണ്‍സ് നേടി കേരളത്തിന് ആദ്യ വിജയം ഉറപ്പാക്കി.