നടനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടിക്കെതിരെ സംസാരിച്ചതിന് കാരണമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാർ. രമേശ് പിഷാരടിയോട് തനിക്ക് വ്യക്തിപരമായ ദേഷ്യമുണ്ടെന്ന് അഖിൽ മാരാർ പറയുന്നു. ട്വന്റി ട്വന്റി രാഷ്‌ട്രീയത്തിലേക്ക് വന്നവരെ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പൊതുചോദ്യം ചോദിച്ചതാണ്. ആരാണ് യോഗ്യൻ ആരാണ് അയോഗ്യൻ എന്ന് ജനം തീരുമാനിക്കട്ടെ. പാലക്കാട്ട് പോയി തോൽക്കാൻ പോകുന്നൊരാൾക്കെതിരെ ഞാനെന്ത് പറയാനാണ്.
പിഷാരടിയോട് എനിക്ക് വ്യക്തിപരമായ ദേഷ്യമുണ്ടായ സംഭവമുണ്ട്. നാളിതുവരെ ഞാൻ പറയേണ്ട എന്ന് വിചാരിച്ച സംഭവമാണ്. മമ്മൂക്കയും മുഖ്യമന്ത്രിയും ഉൾപ്പെടെ പങ്കെടുത്ത കെെരളിയുടെ ഒരു പ്രോഗ്രാം ദുബായിൽ വെച്ച് നടന്നിട്ടുണ്ട്. അന്ന് ആ വേദിയിൽ വെച്ച് ജോജു ജോർജ് ഇറങ്ങിപ്പോയത് എന്താണെന്ന് നിങ്ങൾ ചോദിക്കണം.
ജോജു ജോർജ് എന്താണ് ആ വേദിയിൽ കയറാതിരുന്നത് എന്ന് നിങ്ങൾ ചോദിക്കണം. അതിന് എത്ര വൃത്തികെട്ട മനസോടെയാണ് ഈ രമേശ് പിഷാരടി അവിടെ കളിച്ചതെന്ന് ചോദിക്കണം. എനിക്ക് ആ ഒരു ദേഷ്യം മനസിലുണ്ട്. അയാൾക്ക് വേദിയിലേക്ക് കയറാൻ പറ്റിയില്ല. ഇവിടെ നിന്നും മുഖ്യമന്ത്രിയും മമ്മൂക്കയും ഉൾപ്പെടെ വിളിച്ചിട്ടാണ് ജോജു യഥാർത്ഥത്തിൽ അന്ന് ആ പരിപാടിയിൽ പങ്കെടുത്തത്. പക്ഷെ ജോജുവിനെ ആ വേദിയിൽ കയറ്റാതിരിക്കാൻ വേണ്ടി പ്രധാന കളി കളിച്ചവരിൽ ഒരാൾ പിഷാരടി ആയിരുന്നു എന്നാണ് അഖിൽ മാരാർ പറയുന്നത്.
രമേശ് പിഷാരടി മത്സരിക്കുമ്പോൾ എന്ത് കണ്ടിട്ടാണ് വോട്ട് കൊടുക്കേണ്ടത്. കോമഡി പറയാൻ വേണ്ടിയാണോ രാഷ്‌ട്രീയം. അല്ല. അയാളുടെ നിലപാടുകൾ നോക്കും. പൊളിറ്റിക്കൽ സ്റ്റാൻഡുകൾ നോക്കും. കേരളത്തിലെ ജനങ്ങൾക്കിടയിൽ അയാൾ നടത്തിയ പ്രവർത്തനങ്ങൾ നോക്കും. പക്ഷെ കോൺഗ്രസ് പാർട്ടിക്ക് അയാൾ പ്രിയപ്പെട്ടവനായത് കൊണ്ട് അയാൾക്ക് ഒരു സീറ്റ് കിട്ടി. കോൺഗ്രസിന് അയാളെ കൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. കോൺഗ്രസിന്റെ മുൻ വേദികളിൽ അയാൾ പോയിട്ടുണ്ട്. ധർമ്മജൻ ബോൾഗാട്ടി ഒരുപാട് നമ്മളെ ചിരിപ്പിച്ച നടനല്ലേ. എന്താണ് ധർമ്മജന് വോട്ട് കൊടുക്കാതിരുന്നതെന്നായിരുന്നു നേരത്തെ അഖിൽ മാരാർ പറഞ്ഞത്.