ന്യൂഡല്‍ഹി: യാത്രക്കാരിക്ക് വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നൽകിയെന്നാരോപിച്ചുള്ള കേസില്‍ ഇൻഡിഗോ എയർലൈൻസ് നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. 1.5 ലക്ഷം രൂപ നഷ്ടപരിഹാരവും കേസ് ചെലവായി 25,000 രൂപയും നൽകാനാണ് ഉത്തരവ്.
ഈ വർഷം ജനുവരി 2ന് ബാക്കുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി നൽകിയ പരാതിയിലാണ് വിധി. താൻ യാത്ര ചെയ്ത സീറ്റ് വൃത്തിഹീനവും കറപുരണ്ടതുമായിരുന്നുവെന്ന് യുവതി ആരോപിച്ചു.
യാത്രക്കാരിയുടെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മറ്റൊരു സീറ്റ് നൽകിയെന്നും, അവർ സ്വമേധയാ യാത്ര പൂർത്തിയാക്കിയെന്നുമാണ് ഇൻഡിഗോ എയർലൈൻസ് പ്രതികരിച്ചു. എന്നാൽ, തെളിവുകൾ പരിശോധിച്ച കമ്മിഷൻ, ഇൻഡിഗോ സേവനത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുകയായിരുന്നു. സ്റ്റാൻഡേർഡ് ഏവിയേഷൻ പ്രോട്ടോക്കോളുകൾ പ്രകാരം സമർപ്പിക്കേണ്ട സിറ്റുവേഷൻ ഡാറ്റ ഡിസ്‌പ്ലേ റിപ്പോർട്ട് ഹാജരാക്കുന്നതിൽ എയർലൈൻസ് പരാജയപ്പെട്ടതും ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചൂണ്ടിക്കാട്ടി.