കോട്ടയം: തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിജയകുമാർ, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ 8.45ഓടെയാണ് രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. വീട്ടിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാവിലെ വേലക്കാരി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. വീട് തുറന്നു കിടന്ന നിലയിലാണ്.
മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകുക. പോലീസ് വിശദമായ പരിശോധന തുടരുകയാണ്.