വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.
മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.