• Fri. Mar 14th, 2025

24×7 Live News

Apdin News

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

Byadmin

Mar 14, 2025


തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്. കുടുബത്തിന്റെ കടബാധ്യത മകനെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് അഫാന്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന്‍ മുന്‍കൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞിരുന്നു.

ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു മൂന്നിടങ്ങളിലായി അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഉമ്മയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിച്ച് പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

 

By admin