ഹമാസ് വെടിനിര്‍ത്തലിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ഗസയുടെ നിയന്ത്രണത്തിനായി സ്വതന്ത്ര ഭരണകൂടം രൂപീകരിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന സമഗ്ര ധാരണയ്ക്ക് തയ്യാറാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹമാസിന്റെ പ്രസ്താവന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞു. യുദ്ധം അവസാനിപ്പിക്കാനായി മന്ത്രിസഭ നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കണമെന്നതാണ് ഇസ്രയേലിന്റെ നിലപാട്.
അധിനിവേശ വെസ്റ്റ് ബാങ്ക് പൂര്‍ണമായും പിടിച്ചെടുക്കാനുള്ള പദ്ധതി ധനകാര്യമന്ത്രി ബസലേല്‍ സ്‌മോട്രിച്ച് പ്രധാനമന്ത്രിയുടെ അനുമതിക്ക് സമര്‍പ്പിച്ചു. ഗസയില്‍ ഇസ്രയേല്‍ നടത്തിയ കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ 73 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഗസ പിടിച്ചെടുക്കാന്‍ 60,000ത്തോളം കരുതല്‍ സൈനികരെ സെപ്റ്റംബറോടെ വിന്യസിക്കുമെന്ന് ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൈനിക നീക്കം ആരംഭിച്ചാല്‍ ആയിരക്കണക്കിന് പലസ്തീനികള്‍ ഗസ സിറ്റിയില്‍ നിന്ന് തെക്കോട്ടേക്ക് ഒഴിഞ്ഞുപോകേണ്ടിവരുമെന്നതാണ് സാധ്യത. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവഗണിച്ച് സാധാരണ ജനങ്ങളെതിരായ ആക്രമണം തുടരാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ഹമാസ് ആരോപിച്ചു.