ഗസ്സയില്‍ 18 ദിവസങ്ങള്‍ നീണ്ട വെടിനിര്‍ത്തല്‍ കരാറിനെ കടുത്ത പ്രതിസന്ധിയിലാക്കി, വീണ്ടും ഇസ്രാഈലിന്റെ ശക്തമായ വ്യോമാക്രമണം. ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയെ ബന്ധപ്പെട്ടതിന് പിന്നാലെ ഇന്നലെ അര്‍ധരാത്രിയാണ് ഗസ്സക്കു മേലുള്ള ഇസ്രാഈലിന്റെ പുനരാക്രമണം. ഖാന്‍ യൂനുസിലും തെക്കന്‍ ഗസ്സ മുനമ്പിലുമാണ് ഇസ്രാഈലി പോര്‍ വിമാനങ്ങള്‍ ബോംബിട്ടത്. ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ഷെല്ലാക്രമണവും നടന്നു.
അതേസമയം, ഇസ്രാഈല്‍ നടപടി, ഗസ്സയില്‍ നിന്ന് സേനക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഇസ്രാഈല്‍ തിരിച്ചടിക്കും എന്നത് തങ്ങള്‍ പ്രതീക്ഷിച്ച ഒന്നാണെന്നും വെടിനിര്‍ത്തല്‍ കരാറിന്റെ തകര്‍ച്ചയല്ല ഇതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ. ഡി വാന്‍സ് പറഞ്ഞു. അവശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ, ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയില്‍ വന്‍ ആക്രമണം നടത്താന്‍ ഇന്നലെ വൈകീട്ടാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.