വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലെബനന് നേരെ വീണ്ടും ഇസ്രാഈലിന്റെ മിസൈല്‍ ആക്രമണം. നവംബറില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം. അതേസമയം നേരത്തെ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പകരം വീട്ടാനാണ് വ്യോമാക്രമണമെന്നാണ് ഇസ്രാഈലിന്റെ വിശദീകരണം.
ലെബനന്‍ തലസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ ദാഹിയെ എന്നറിയപ്പെടുന്ന ഹിസ്ബുള്ള ശക്തികേന്ദ്രമായ സ്ഥലത്തെ ഒരു കെട്ടിടമാണ് ആക്രമിച്ചത്. ഈ ആക്രമണത്തിന് മുന്‍പ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കുന്നതിനായി മൂന്ന് തവണ ഡ്രോണ്‍ വഴി ഇതേ കെട്ടിടത്തിന് നേരെ ഇസ്രാഈല്‍ വെടിയുതിര്‍ത്തതായാണ് വിവരം.
കഴിഞ്ഞ വര്‍ഷവും ഇതേ പ്രദേശത്ത് ഇസ്രാഈല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്റല്ല അടക്കം നിരവധി ഉന്നത നേതാക്കള്‍ ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.