• Thu. Oct 30th, 2025

24×7 Live News

Apdin News

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത് 110 പേര്‍

Byadmin

Oct 30, 2025


വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ഖാന്‍ യൂനുസിലും മറ്റും ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേര്‍. ഇതില്‍ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ മനുഷ്യാവകാശ സംഘടന രംഗത്തെത്തി.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം 110 കടന്നു. ഇവരില്‍ 52 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടും. ഇന്നലെ ഉച്ചയോടെ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പ്രാബല്യത്തിലായതായി ഇസ്രാഈല്‍ അറിയിച്ചിരുന്നു. അതേസമയം രാത്രി ഖാന്‍ യൂനുസിലും റഫക്കും നേരെ വീണ്ടും ആക്രമണം നടന്നു. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗസ്സ സിവില്‍ ഡിഫന്‍സ് ഏജന്‍സ് വക്താവ് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ലംഘിച്ച് നൂറിലേറെ പേരെ കൊന്നൊടുക്കിയ ഇസ്രാഈല്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു.

അതേസമയം യെല്ലോ ലൈന്‍ മറികടന്നുള്ള ആക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ കരാര്‍ ലംഘനത്തിന് തിരിച്ചടി നല്‍കുക മാത്രമാണ് ലക്ഷ്യമെന്ന് ഇസ്രാഈല്‍ നേതൃത്വം അമേരിക്കയെ അറിയിച്ചു.

ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ റെഡ്‌ക്രോസിനെ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്‌സ് വ്യക്തമാക്കി.

By admin