
ബംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ ഇടതു നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട അഞ്ചാം വാരിയെല്ലിലൂടെ ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇത് തത്ക്ഷണം മരണത്തിന് ഇടയാക്കിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
6.35 എംഎം വെടിയുണ്ട കണ്ടെടുത്തു. ഇന്നലെയാണ് റെയ്ഡിനിടെ റോയ് ജീവനൊടുക്കിയത്. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായതോടെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ’ കോൺഫിഡന്റ് കാസ്കേഡിൽ നാളെ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗുളൂരു അശോക് നഗറിലെ ലാംഗ്‌ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.