
വാഷിംഗ്ടണ്‍: വെനസ്വേല എന്ന രാജ്യത്തെ ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങിക്കഴിഞ്ഞതായി അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്‍റഗണ്‍. ഇതിന്റെ ഭാഗമായി വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന്റെ ഭാഗമായി കരീബിയന്‍ കടലില്‍ അമേരിക്കയുടെ അത്യാധുനിക വിമാന വാഹിനി കപ്പൽ എത്തുകയാണ്. ഇതിനൊപ്പം തന്നെ യുദ്ധ വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും മേഖലയിലേക്ക് എത്തുമെന്ന് പെന്‍റഗണ്‍ അറിയിക്കുന്നു. ഈ സൈനികസന്നാഹം വഴി വെനസ്വേലയുടെ സൈനികമേധാവികളെ ഭയപ്പെടുത്തുകയും അതുവഴി അവരെ ഇപ്പോഴത്തെ പ്രസിഡന്‍റ് നിക്കോളാസ് മദുറെയ്‌ക്കെതിരെ തിരിക്കുകയും ചെയ്യുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നറിയുന്നു. അങ്ങിനെ ഭരണമാറ്റമുണ്ടാക്കി ട്രംപിന്റെ പാവ സര്‍ക്കാര്‍ വെനസ്വേലയില്‍ വാഴിക്കുകയാണ് ലക്ഷ്യം എന്ന് പറയുന്നു.
വൈകാതെ വെനസ്വേലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിൽ അടുത്ത ഘട്ടത്തിൽ കരീബിയന്‍ സമുദ്രത്തിന്റെ കരയിലെ ലക്ഷ്യങ്ങളിലേക്കും ആക്രമണം നടക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. വെനിസ്വേല ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ എണ്ണ ശേഖരം ഉള്ള രാജ്യമാണ്. 2023 ലെ കണക്കനുസരിച്ച് 303 ബില്യൺ ബാരൽ (Bbbl) എണ്ണ ശേഖരം ഉള്ളതായി കണക്കാക്കപ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ള സൗദിക്ക് 267.2 ബാരൽ എണ്ണയേ ഉള്ളൂ. വെനസ്വേല ഭരണാധികാരിയ നിക്കൊളാസ് മദുറോയുടെ അഴിമതിയും മയക്കമരുന്ന് വ്യാപാരവും തടയുക എന്നതാണ് ട്രംപ് പുറത്ത് പറയുന്ന കാരണമെങ്കിലും വെനസ്വേലയുടെ എണ്ണയില്‍ തന്നെയാണ് ട്രംപിന്റെ കണ്ണെന്ന് പറയുന്നു.
വെനസ്വേലയില്‍ നിന്നുള്ള മയക്കുമരുന്ന് കാർട്ടലുകളുമായി ട്രംപ് നേരിട്ട് ഏറ്റുമുട്ടൽ ആരംഭിച്ചിരിക്കുകയാണെന്ന് അമേരിക്ക അവകാശപ്പെടുന്നു. വെനസ്വേലയുമായി യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞ ശേഷം യുദ്ധം കെട്ടിച്ചമയ്‌ക്കാനുള്ള ശ്രമമാണ് അമേരിക്കയുടേതെന്നാണ് വെനസ്വെലയുടെ പ്രസിഡന്‍റ് നിക്കൊളാസ് മദുറോ വിമർശിച്ചത്.
ആഴ്ചകളായി ലഹരി മരുന്ന് കാർട്ടലുകൾക്കെതിരായി ട്രംപ് ഭരണകൂടം ശക്തമായ ആക്രമണമാണ് കരീബിയൻ മേഖലയിൽ നടത്തുന്നതെന്ന് അമേരിക്ക അവകാശപ്പെടുന്നു. ഇതിനോടകം 9 ബോട്ടുകളാണ് അമേരിക്ക ലഹരിമരുന്ന് കടത്ത് ആരോപിച്ച് തകർത്തത്.