
ന്യൂദൽഹി: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം അവതരിപ്പിക്കുകയും അടുത്ത നടപടികൾ വിശദീകരിക്കുകയും ചെയ്തു. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം തുടരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെനിസ്വേലയിലെ സമീപകാല സംഭവവികാസങ്ങൾ വളരെയധികം ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലൻ ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും ഇന്ത്യ പിന്തുണ ആവർത്തിക്കുന്നു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് സംഭാഷണത്തിലൂടെ സമാധാനപരമായ പരിഹാരം തേടാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
കൂടാതെ കാരക്കാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്, സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.