• Tue. Nov 11th, 2025

24×7 Live News

Apdin News

വെല്‍ഫയര്‍ പാര്‍ട്ടിയുമായി രഹസ്യ നീക്കുപോക്ക്; ലീഗില്‍ പൊട്ടിത്തെറി, ജനകീയ കൂട്ടായ്‌മയുമായി മത്സരിക്കാൻ വിമതര്‍

Byadmin

Nov 11, 2025



പാലക്കാട്: വെല്‍ഫയര്‍ പാര്‍ട്ടിയുമായി രഹസ്യ നീക്കുപോക്ക് ഉണ്ടാക്കിയതായി ആരോപിച്ച് ലീഗില്‍ പൊട്ടിത്തെറി. ജനകീയ കൂട്ടായ്‌മ രൂപീകരിച്ച് പാലക്കാട് നഗരസഭയിലേക്ക് മത്സരിക്കാനിറങ്ങുമെന്ന് നിയോജക മണ്ഡലം മുസ്ലീംലീഗ് മുന്‍ പ്രസിഡന്റും നഗരസഭാ മുന്‍ വൈസ് ചെയര്‍മാനുമായ ടി.എ. അബ്ദുള്‍ അസീസ് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

ജമാ അത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ബന്ധം സ്ഥാപിക്കുന്നത് ലീഗിന്റെ അടിസ്ഥാന നിലപാടുകള്‍ക്കെതിരാണ് ഇതറിഞ്ഞിട്ടും കഴിഞ്ഞ മാസം നാലിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ലീഗ് ജില്ലാ നേതൃത്വം ജില്ലാ ആസ്ഥാനത്ത് ചര്‍ച്ച നടത്തി. ഇതിലുണ്ടാക്കിയ ധാരണ പ്രകാരം നഗരസഭയിലെ വെണ്ണക്കര സൗത്ത് (34), പൂളക്കാട് (33) എന്നീ വാര്‍ഡുകളില്‍ ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പിക്കും.

ലീഗ് മത്സരിക്കുന്ന പല വാര്‍ഡുകളും പേയ്‌മെന്റ് സീറ്റാണ്. ചടനാംകുറുശ്ശി (31)യില്‍ നിലവിലുള്ള ലീഗ് കമ്മിറ്റി പോലും അറിയാതെ പുതുതായി കമ്മിറ്റി തട്ടിക്കൂട്ടി സ്ഥാനാര്‍ഥിയുമായി വരികയായിരുന്നു. ഇത്തരം ധാരണയും നീക്കുപോക്കും ലീഗീനെ സ്നേഹിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് അസീസ് വ്യക്തമാക്കി. യാതൊരുവിധ ചര്‍ച്ചയും നടത്താതെയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഇക്കാര്യം ജില്ലാ പ്രസിഡന്റിനെ് രേഖാമൂലം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

തെരഞ്ഞടുപ്പ് കഴിഞ്ഞിട്ട് ചര്‍ച്ചയാവാമെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ അതില്‍ അര്‍ത്ഥമില്ല ഇതില്‍ പ്രതിഷേധിച്ചാണ് ജനകീയ കൂട്ടായ്‌മ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു. നഗരസഭ മുന്‍വൈസ് ചെയര്‍മാനും മുനിസിപ്പാലിറ്റി ലീഗ് മുന്‍ പ്രസിഡന്റുമായ കാജാഹുസൈന്‍, മുന്‍കൗണ്‍സിലറും മുന്‍സിപ്പാലിറ്റി കമ്മിറ്റി മുന്‍ ട്രഷറുമായ വി.എ നാസര്‍, മണ്ഡലം വൈസ് പ്രസിഡന്റ് എസ് എം ഷൗക്കത്തലി, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം മുബീര്‍, മുനിസിപ്പല്‍ ശാഖാ ലീഗ് പ്രസിഡന്റ് അബൂബക്കര്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

By admin