• Mon. Apr 6th, 2026

24×7 Live News

Apdin News

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

Byadmin

Apr 6, 2026


തിരുവനന്തപുരം: വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു; കൊലപാതകമെന്ന് സംശയം. അന്വേഷണം ആരംഭിച്ച് പൊലീസ്. പൂഴനാട് പ്ലാവിള വീട്ടിൽ 21കാരിയായ ഷംനയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് വീട്ടിലെത്തുമ്പോൾ ഭാര്യ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് പറയുന്നു.

ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ ചെരുപ്പെടുക്കാൻ മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണി കണ്ടത്. ഇത് പരിശോധിച്ചപ്പോൾ തുണിക്കുള്ളിൽ ചോരക്കുഞ്ഞായിരുന്നുവെന്ന് അൽത്താഫ് പറയുന്നു. തുടർന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി.

ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫ് പൊലീസിനോടു പറഞ്ഞത്. ഷംന പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു വർഷം മുൻപായിരുന്നു അൽത്താഫിന്റെയും ഷംനയുടെയും വിവാഹം. ഇവർക്ക് രണ്ടുവയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്.



By admin