വെള്ളറട കിളിയൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോവിഡിനെ തുടര്‍ന്ന് പ്രജിന്‍ ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടിലെത്തിയെന്നും പിന്നീട് കൊച്ചിയിലേക്ക് സിനിമ പഠിക്കാന്‍ പോയെന്നും അമ്മ പറഞ്ഞു. എന്നാല്‍ തിരിച്ചു വന്നപ്പോള്‍ മകനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നും അമ്മ പറഞ്ഞു.
2014-ലാണ് പ്രജിന്‍ ചൈനയിലേക്ക് മെഡിക്കല്‍ പഠനത്തിനായി പോകുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രജിന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവസാന വര്‍ഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജന്‍സി വഴി അടച്ചെങ്കിലും കോളേജിന് ലഭിച്ചില്ലെന്നതിനാല്‍ പ്രജിന് പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഏജന്‍സിക്കെതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രജിന്‍ പരാതിയും നല്‍കിയിരുന്നു.
അതേസമയം തങ്ങള്‍ മകനെ ഭയന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീവിച്ചതെന്ന് അമ്മ സുഷമ പറയുന്നു. മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെ കാര്യം അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
രാത്രികാലങ്ങളില്‍ മാതാപിതാക്കളെ വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മര്‍ദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് ഉയര്‍ത്തി നിര്‍ത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിന്‍ നിരന്തരം ഉപദ്രവിച്ചുവെന്നും അമ്മ പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് രാത്രി 9.45-ന് ഉറങ്ങിക്കിടന്ന അച്ഛന്റെ കഴുത്തില്‍ മകന്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രജിന്‍ വെള്ളറട പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.