‘വേടനെ’ മറ്റൊരു സുകുമാരക്കുറുപ്പാക്കുന്നോ? 1984 ൽ നടത്തിയ കൊലപാതകക്കുറ്റകൃത്യത്തിൽ പ്രതിയായ സുകുമാരക്കുറുപ്പിനെ 41 വർഷമായിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യത്തിൽപോലും അവസാന തീരുമാനം ഔദ്യേഗികമായി പറയാൻ സംസ്ഥാന സർക്കാരിനും കേരള പോലീസിനും കഴിഞ്ഞിട്ടില്ല. എന്നാൽ, ബലാത്സംഗക്കേസിൽ പ്രതിയായ, സംസ്ഥാന സർക്കാരിന്റെ ‘വിശിഷ്ട കലാകാരനായ’ വേടൻ എന്ന, ഹിരൺ ദാസ് മുരളിയെന്ന, ‘അതിപ്രശസ്ത’ റാപ്പ് സംഗീതക്കാരനെ കണ്ടുപിടിക്കാൻ കേരള പോലീസും സംസ്ഥാന സർക്കാരും ‘ക്ഷ,ണ്ണ,ജ്ജ’ വരയ്‌ക്കുന്ന സ്ഥിതി വന്നത് 41 വർഷം പഴക്കമുള്ള സുകുമാരക്കുറുപ്പ് സംഭവങ്ങളെ ഓർമ്മിപ്പിക്കുകയാണ്.
വേടനായി
ലുക് ഔട് നോട്ടീസ്
വേടനെ പിടിക്കാൻ ഇപ്പോൾ കൊച്ചി സിറ്റിപോലീസ് കമ്മീഷണറാണ് ലുക് ഔട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. വേടൻ വിദേശത്തേക്ക് കടന്നേക്കുമെന്നുള്ള സംശയത്തിന്റെ പേരിലാണത്.
ഏതാനും വർഷം മുമ്പ്, വിവാഹ വാഗ്ദാനത്തിൽ പ്രലോഭിപ്പിച്ച് നടത്തിയ ഒരു ബലാത്സംഗ സംഭവം പെൺകുട്ടി പരാതിയാക്കിയതിനെ തുടർന്നാണ് ‘വേടനെ’ പോലീസ് തിരയുന്നത്. എറണാകുളം തൃക്കാക്കര പോലീസനാണ് ഈ കഴിഞ്ഞ ജൂലൈ 30 ന് കേസെടുത്തത്.
വേടൻ
‘സംസ്ഥാന വിഐപി’
‘വേടൻ’ അതുവരെ സംസ്ഥാന സർക്കാരിന്റെ ‘രാഷ്‌ട്രീയ സംരക്ഷണത്തിൽ’ ഉണ്ടായിരുന്നു. ഭരണകക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിതന്നെ വേടന് പ്രതിരോധം സൃഷ്ടിച്ച് പ്രസ്താവനകൾ ഇറക്കിയിരുന്നു. എന്നാൽ കഴിഞ്ഞ 10 ദിവസമായി,’അതിസമർത്ഥരായ’ കേരള പോലീസിന് വേടനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടാൻ ‘വേടൻ’ ഹർജിയും നൽകി. അപേക്ഷ ആഗസ്ത് 18 ലേക്ക് വാദം കേൾക്കാൻ വെച്ചിരിക്കുകയാണ്. വേടൻ അഭിഭാഷകനെ കണ്ടതും വക്കാലത്ത് ഒപ്പിട്ടതുമടക്കമുള്ള പ്രവർത്തനങ്ങൾ കേരള പോലീസും സർക്കാർ സംവിധാനങ്ങളും അറിഞ്ഞില്ല എന്നത് അവശ്വസനീയമാണ്.
കേസുകൾ പലത്,
ജാമ്യക്കാർ ആര്?
വേടന്റെ പേരിൽ കഞ്ചാവ് കൈവശം വെച്ചതിന് 2025 ഏപ്രൽ 28 ന് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്ത് ജാമ്യത്തിൽ വിട്ടതാണ്. പുലിപ്പല്ല് കൈവശം വെച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിനും ‘വേട’ന്റെ പേരിൽ കേസുണ്ട്. ഈ കേസുകളിൽ ജാമ്യം നേടിയ ‘വേടൻ’ ആരുടെ സംരക്ഷണത്തിലും ജാമ്യത്തിലുമാണെന്ന് അറിയേണ്ട പോലീസ് അവർക്കെതിരേയും നടപടികൾക്ക് തയാറായിട്ടില്ല. വേടനെതിരേ ഈ കേസുകൾ ഉള്ളപ്പോഴാണ് സംസ്ഥാനത്തെ പിണറായി സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ വിശിഷ്ട ഗായകനായി ‘വേടൻ’ പൊതുവേദിയിൽ കയറിയതും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വേടനെ ന്യായീകരിച്ചതും.
വേടനും കുറുപ്പും
ബലാത്സംഗ കേസിൽ പ്രതിയായ ‘വേടൻ’ സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും സംരക്ഷണത്തിലാണ്. സമാനമായിരുന്നു ‘സുകുമാരക്കുറുപ്പി’ന്റെ കാര്യത്തിലും സംഭവിച്ചത്. മറ്റൊരു സുകുമാരക്കുറുപ്പിനെ ഉണ്ടാക്കുകയാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
കുറുപ്പിന്റെ ‘കഥ’
1984 ൽ ആയിരുന്നു സുകുമാരക്കുറുപ്പ് പ്രതിയായ ഹീനമായ കൊലപാതകം സംഭവിച്ചത്. വലിയ തുകക്ക് എൽഐസി ഇൻഷുറൻസ് പോളിസി എടുത്ത് അത് തട്ടിയെടുക്കാൻ പോളിസി ഉടമ മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കാൻ നടത്തിയ കൊലപാതകമായിരുന്നു സുകുമാരക്കുറുപ്പിനെ പ്രതിയാക്കിയ കുപ്രസിദ്ധ സംഭവം. ചാക്കോ എന്ന ആലപ്പുഴ കളർകോട് സ്വദേശിയായ ഫിലിം റപ്രസന്റേറ്റീവിന് കാറിൽ ലിഫ്റ്റ് കൊടുത്ത് വിജന സ്ഥലത്ത് കൊണ്ടുപോയി കാർ കത്തിച്ച് കാറിൽ കത്തിക്കരിഞ്ഞത് സുകുമാരക്കുറുപ്പ് ആണെന്ന വ്യാജ തെളിവുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ സംഭവത്തിൽ കൊല്ലപ്പെട്ടത് ചാക്കോ ആണെന്ന് തിരിച്ചറിഞ്ഞതോടെ കുറുപ്പ് മുങ്ങി. അന്ന് കെ.കരുണാകരൻ മുഖ്യമന്ത്രിയായി വയലാർ രവി ആഭ്യന്തരമന്ത്രിയായി യുഡിഎഫ് ഭരിക്കുന്ന കാലമായിരുന്നു. കുറുപ്പ് ആഭ്യന്തരമന്ത്രി വയലാർ രവിയുടെ സംരക്ഷണത്തിൽ മന്ത്രിയുടെ വീട്ടിലാണ് ഒളിച്ചുകഴിയുന്നതെന്ന് അന്നത്തെ പ്രതിപക്ഷമായ സിപിഎം ഉൾപ്പെട്ട എൽഡിഎഫ് പ്രചരിപ്പിച്ചിരുന്നു.
ആരുടെ സംരക്ഷണത്തിൽ?
പോലീസ് മാസങ്ങളല്ല വർഷങ്ങൾ നാടാകെ ‘വലവീശി’യെന്ന വാർത്തകളും പ്രചാരണങ്ങളുമുണ്ടായി. ലുക് ഔട് നോട്ടീസുകൾ കുറുപ്പിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് ഇനാം തുടങ്ങിയ പ്രഖ്യാപനങ്ങൾ വരെ ഉണ്ടായി. എന്നാൽ കുറുപ്പിനെ കിട്ടിയില്ല. യുഡിഎഫ് മാറി എൽഡിഎഫ് വന്നിട്ടും പോലീസ് തലപ്പത്ത് ആളുകൾ മാറിയിട്ടും കുറുപ്പിനെ കിട്ടിയിട്ടില്ല.
‘വേടനെ’യും ആ തരത്തിൽ ‘രാഷ്‌ട്രീയമായി’ ആരെങ്കിലും സംരക്ഷിക്കുന്നില്ലെങ്കിൽ പോലീസിന് ഇയാളെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യം വലിയ ചർച്ചയാകുകയാണ്.