
തിരുന്നാവായ: ബ്രഹ്‌മദേവന്റെ യാഗഭൂമിയില്‍ ത്രിമൂര്‍ത്തി സംഗമഭൂമിയായ തിരുനാവായയില്‍ വേദ മന്ത്രഘോഷങ്ങള്‍ മുഴങ്ങി. മഹാമാഘമഹോത്സവത്തിന്റെ ഭാഗമായുള്ള സ്‌നാനത്തിന് ഇന്നലെ തുടക്കമായി. ഇനി ഫെബ്രുവരി 3 വരെ പുണ്യ തിഥികളില്‍ ആയിരങ്ങള്‍ ഭാരതപ്പുഴയില്‍ പുണ്യം തേടി മുങ്ങി നിവരും. വേദമന്ത്ര ഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷൊര്‍ണ്ണൂര്‍ കവളപ്പാറയിലെ ഗായത്രിഗുരുകുലമാണ്. ഗുരുകുല ആചാര്യന്‍ ഡോ. അരുണ്‍ പ്രഭാകറിന്റെ നേതൃത്വത്തില്‍ 20 ഓളം വേദ പഠന വിദ്യാര്‍ത്ഥികളാണ് വേദമന്ത്ര ഘോഷത്തിന് നേതൃത്വം നല്‍കിയത്.
പഞ്ചപ്രാണന്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍ എന്നിവ ശുദ്ധിയാക്കുന്നതിന് വേണ്ടിയുള്ള മന്ത്രങ്ങളോടെയായിരുന്നു ശുദ്ധികരണ പ്രക്രിയകളാണ് നടന്നത്. ത്രിശുദ്ധികൊണ്ട് ഇന്ദ്രന്‍, സരസ്വതി അശ്വനിദേവതകള്‍ എന്നിവരെ ആവാഹിച്ച് ആഭ്യന്തര ശുദ്ധിക്കായി നാരായണ മൂര്‍ത്തിയെ ഓംകാരമായി സങ്കല്‍പ്പിച്ച് കൊണ്ട് ഓംകാരത്തിന്റെ മൂന്ന് അംഗങ്ങളായ ആ ഉ മ എന്നിങ്ങനെ ഉള്ള മൂന്ന് ബീജാക്ഷരങ്ങളെ കൊണ്ട് ആഭ്യന്തര ശുദ്ധി വരുത്തി പൂര്‍ണ്ണ നാരായണധ്വനം ചെയ്ത് നാരായണ സ്വരൂപമായ തീര്‍ത്ഥത്തില്‍ ആറാടുന്ന ചടങ്ങാണ് മാഘമഹോത്സവത്തിലെ പ്രഥമ സ്‌നാനം.

ഗണേശജയന്തി, വസന്തപഞ്ചമി, രഥസപ്തമി, ഭീഷ്മാഷ്ടമി, മഹാനന്ദനവമി ,ഗുപ്ത വിജയദശമി, ജയഏകാദശി, മാഘപൂര്‍ണ്ണിമതൈപ്പൂയം എന്നീ പുണ്യ തിഥികളില്‍ മഹാസ്‌നാനം നടക്കും. ഫെബ്രുവരി 3 ന് മകം നക്ഷത്തില്‍ നടക്കുന്ന അമൃതസ്‌നാനത്തോടെ മഹാമാഘ മഹോത്സവത്തിന് സമാപ്തിയാകും.
ജനുവരി 22 -ഗണേശ ജയന്തി
ജനുവരി 23 -വസന്തപഞ്ചമി
ജനുവരി 25 -രഥ സപ്‌തമി
ജനുവരി 26 -ഭീഷ്‌മാഷ്‌ടമി
ജനുവരി 29 -ജയ ഏകാദശി
ഫെബ്രുവരി 1 -മാഘ പൗര്‍ണമി അഥവാ തൈപൂയം
ഫെബ്രുവരി 3 -മാഘ മകം എന്നീ ദിനങ്ങളിലെ സ്‌നാനം വിശേഷമാണെന്നാണ് വിശ്വാസം.
പാരിസ്ഥിതിക അവബോധവും
നിളയൊഴുകി പടര്‍ന്ന തീരങ്ങള്‍ വറ്റി വരളുന്ന കാലത്താണ് നിളാ ആരതി നടക്കുന്നത്. ഭാരതപ്പുഴ ഇന്ന് നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, നിളാ ആരതിക്ക് ആത്മീയതയോടൊപ്പം പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. നദികളെ ജീവന്റെ ദൈവിക സ്രോതസ്സുകളായി ആദരിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ചടങ്ങെന്ന് മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. നദിയെ ആരാധിക്കുന്നതിലൂടെ, നദിയെ സംരക്ഷിക്കേണ്ടത് ഒരു ആത്മീയ ബാധ്യത കൂടിയാണെന്ന ബോധം സമൂഹത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതപ്പുഴയില്‍ ദേശീയതയുടെ സംഗമം
കേരളത്തിന്റെ സാംസ്‌കാരിക പ്രവാഹമായ ഭാരതപ്പുഴയില്‍ ഭാരതീയതയുടെ സംഗമം. തലമുറകളായി പിതൃകര്‍മങ്ങള്‍ക്കും പുണ്യസ്‌നാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തിരുനാവായയിലെ ഭാരതപ്പുഴയോരത്ത് ആരംഭിച്ച നിളാ ആരതിക്ക് നേതൃത്വം നല്‍കുന്നത് ഗംഗയുടെ തീരത്ത് നിന്ന് പണ്ഡിറ്റുകള്‍ എത്തുന്നു.കാശിയിലെ ദാശാശ്വമേധ ഘാട്ടിലെ ഗംഗാ ആരതി നിര്‍വഹിക്കുന്ന പണ്ഡിറ്റുകളാണ് തിരുന്നാവായയില്‍ എത്തിയത്. അവര്‍ ഈ അപൂര്‍വ നദീപൂജയ്‌ക്ക് നേതൃത്വം നല്‍കും. മഹാമാഘം അവസാനിക്കുന്ന ഫെബ്രുവരി മൂന്ന് വരെ വൈകുന്നേരങ്ങളില്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നിളാ ആരതി നടക്കും.
കേരളത്തിന്റെ നദീഘട്ടങ്ങളില്‍ ആദ്യമായാണ് വിപുലമായ രീതിയില്‍ ആരതി നടക്കുന്നത്. നദിയെ ദേവതയായി കണക്കാക്കിയാണ് ആരതി നടക്കുക. നിളാ ആരതിയിലൂടെ, നദി തന്നെ ആരാധ്യവിഗ്രഹമായി മാറുന്നു. പരമ്പരാഗത സ്‌നാനഘട്ടങ്ങളിലും പിതൃകര്‍മ കേന്ദ്രങ്ങളിലുമാണ് സാധാരണയായി ആരതി നടക്കാറ്.

ഗംഗയിലെ വെളിച്ചം നിളയുടെ തീരത്ത്
കാശിയിലെ ദീപങ്ങളുടെ വെളിച്ചം നിളയുടെ തീരത്തും. ദാശാശ്വമേധ ഘാട്ടിലെ പണ്ഡിതരുടെ സാന്നിധ്യം നിളയുടെ തീരത്ത് ഇനിയുള്ള ദിവസങ്ങളില്‍ നിളാ ആരതിക്ക് പ്രാധാന്യമേറ്റു. ശംഖധ്വനികളും മന്ത്രോച്ചാരണങ്ങളും ഒത്തുചേരുന്ന ഏകോപിത ദീപനൃത്തങ്ങളിലൂടെ, കാശിയിലെ ഗംഗാ ആരതിയുടെ ശാസ്ത്രീയ ശൈലി ഭാരതപ്പുഴയുടെ ശാന്തമായ ഒഴുക്കില്‍ പ്രതിഫലിക്കും. കേരളത്തിന്റെ ആത്മീയസൗന്ദര്യബോധം കാത്തുസൂക്ഷിക്കുന്ന തരത്തില്‍, പ്രാദേശിക ആരാധനാശൈലികളുമായി യോജിച്ച രീതിയിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ആഴത്തിലുള്ള യജ്ഞങ്ങളും പിതൃകര്‍മങ്ങളും നിറഞ്ഞ മഹാമാഘ ദിവസങ്ങളില്‍ സായാഹ്നങ്ങളില്‍ നടക്കുന്ന ആരതി ഒരു ശാന്തമായ ആത്മീയ അനുഭവമാണ്. ദീപങ്ങള്‍ ഉയര്‍ന്നു താഴുമ്പോള്‍, മന്ത്രധ്വനികള്‍ നദീതീരത്ത് പടരുമ്പോള്‍, ഭക്തരും സന്ദര്‍ശകരും ഒരേ നിമിഷത്തില്‍ നിശ്ശബ്ദമായ പ്രാര്‍ത്ഥനയില്‍ ലയിക്കുന്നു.
