ലണ്ടന്‍: വേദനയൊന്നും അനുഭവപ്പെടില്ല, വിശപ്പില്ല, ഉറക്കമില്ല… അത് രോഗാവസ്ഥായോ, ജീവിതാവസ്ഥയോ…ശാസ്ത്രലോകം ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ്. ഈ അത്യപൂര്‍വ്വ അവസ്ഥയുമായി കഴിയുന്ന ബ്രിട്ടണിലെ ഹഡേഴ്സ്ഫീല്‍ഡ് സ്വദേശി ഒലിവിയ ഫാന്‍സ്വര്‍ത്ത് വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
വേദന, ഉറക്കം, വിശപ്പ്… ഈ മൂന്ന് അവസ്ഥകളും ഒരേപോലെ അനുഭവപ്പെടാത്ത ലോകത്തെ ഒരേയൊരാള്‍ കൂടിയാണ് ഒലിവിയയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രോമസോം 6പി ഡിലീഷന്‍ എന്ന അവസ്ഥയാണ് ഒലിവിയ നേരിടുന്നത്. ശരീരത്തിലെ ആറാമത് ക്രോമസോമിന്റെ ഒരു ഭാഗത്തിന്റെ അസാന്നിധ്യമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
കുഞ്ഞായിരിക്കുമ്പോഴും വിശക്കുന്നതിന്റെ സൂചനകളൊന്നും ഒലിവിയ പ്രകടിപ്പിക്കുകയോ ഭക്ഷണം മതിയായ തോതില്‍ കഴിക്കുകയോ ചെയ്തിരുന്നില്ല. ഏഴാമത്തെ വയസില്‍ ഒലിവിയ ഒരു വാഹനാപടത്തില്‍പ്പെട്ടു. എന്നാല്‍ കാര്‍ ഇടിച്ച ശേഷവും ഒന്നും സംഭവിക്കാത്തതുപോലെ ഒലിവിയ പെരുമാറിയത് അമ്മ നിക്കി ട്രേപാക്ക് ശ്രദ്ധിച്ചിരുന്നു. പരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും ഒലിവിയ വേദന പ്രകടിപ്പിച്ചിരുന്നില്ല. ഉറങ്ങാനുള്ള മരുന്നുകളുടെ സഹായമില്ലെങ്കില്‍ മൂന്ന് ദിവസം വരെ ഒലിവിയ ഉണര്‍ന്നിരിക്കും.