• Sat. Nov 1st, 2025

24×7 Live News

Apdin News

വേദപഠനവും ഐശ്വര്യവും

Byadmin

Nov 1, 2025



രുപത്തിനാല് വര്‍ഷം മുന്‍പ് കാശ്യപാശ്രമം പ്രവര്‍ത്തനമാരംഭിച്ചത് വ്യക്തികളില്‍ അച്ചടക്കം ഉണ്ടാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു. ജാതീയതയെ പരിപൂ
ര്‍ണമായും മാറ്റിനിര്‍ത്തുക, സ്ത്രീകള്‍ക്കും വൈദികപരിശീലനം നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക,  പരിസ്ഥിതി സംരക്ഷിക്കുന്നതിനു വേണ്ടി പ്രയത്‌നിക്കുക എന്നീ ലക്ഷ്യങ്ങളും കാശ്യപാശ്രമം മുന്‍നിര്‍ത്തിയിരുന്നു. ആ ലക്ഷ്യത്തിനു വേണ്ടി  ആയിരക്കണക്കിനാളുകള്‍ പല ദേശത്തും പല സമയങ്ങളിലും ഒരേ മനസ്സോടെ  പ്രവര്‍ത്തിച്ചു വരുന്നു.

വളരെ മുന്‍പ് ഇവിടെ അയ്യായിരം പേര്‍  ഒരുമിച്ചിരുന്ന് അഗ്‌നിഹോത്രം ചെയ്യുന്നത് കണ്ടപ്പോള്‍ അന്നത്തെ ഒരു കേന്ദ്രമന്ത്രി ചോദിച്ചത് ഇത് എങ്ങനെ സാധ്യമാകുന്നു എന്നാണ്. ‘ഒരേ വേഷം, ഒരേ മന്ത്രം, ഒരേ വേഗത, ഒരേ രീതിയിലുള്ള മന്ത്രാലാപനം’ ഞാന്‍ പറഞ്ഞു അതിന് ‘നല്ലോണം കഷ്ടപ്പെട്ടാലേ നടക്കൂ,  പഠിക്കുക എന്ന് പറയുന്നത് എളുപ്പമുള്ളൊരു കാര്യമല്ല’.  വേദങ്ങളിലെ  ഐശ്വര്യം, സമൃദ്ധി എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൃത്യമായി പലരും മനസ്സിലാക്കുന്നേ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

നമ്മുടെ മനസ്സില്‍ ചെറുപ്പകാലം മുതല്‍ ഉണ്ടാകുന്ന മനസ്ഥിതിയാണ് പലപ്പോഴും സമൃദ്ധിക്ക് തടസ്സമായി നില്‍ക്കുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍, അമ്മ, സഹോദരന്‍മാര്‍, മുത്തച്ഛന്മാര്‍, സുഹൃത്തുക്കള്‍ എന്നീ ആരുടെയെങ്കിലും അടുത്തുനിന്ന് നമുക്ക് ലഭിക്കുന്ന പണത്തെ സംബന്ധിച്ച കാഴ്ചപ്പാടാണ് ദാരിദ്ര്യത്തിന് കാരണമായിരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല.
ഹിന്ദുധര്‍മത്തില്‍ത്തന്നെ പലരും കരുതുന്നത് പണം ഉണ്ടാക്കുന്നത് തെറ്റായ കാര്യമാണെന്നാണ്. പണക്കാരാകട്ടെ ചീത്ത ആളുകളാണെന്നും കരുതുന്നു. ഒരു കാലത്ത് മലയാളത്തിലെ പല കൊമേഴ്സ്യല്‍ സിനിമകളിലും ഇത് ചിത്രീകരിച്ചതും കാണാം. ഇത്തരം ചിന്തകള്‍ നമ്മുടെ ഉപബോധമനസ്സില്‍ തറഞ്ഞുകിടക്കും. ഇതിനെ മറികടക്കാന്‍ പഴയകാലത്ത് ഗുരുകുലവിദ്യാഭ്യാസം സഹായിക്കുമായിരുന്നു. എന്നാലിന്ന് അത്തരത്തിലുള്ള പദ്ധതികളില്ല. ഗുരുകുല വിദ്യാഭ്യാസത്തിന് പ്രവേശിപ്പിക്കപ്പെടുന്നതിനു മുന്‍പ് ശിഖ മാത്രം വെച്ച് തല മുണ്ഡനം ചെയ്യുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. പരമ്പരയാ തലമുറകളിലൂടെ ലഭിക്കുന്ന തെറ്റായ അറിവുകളെ നിശ്ശേഷം ഇല്ലാതാക്കി തല്‍സ്ഥാനത്ത് യഥാര്‍ഥ അറിവ് സ്ഥാപിക്കുന്നതിന്റെ ബിംബാത്മകമായ ചടങ്ങാണിത്. ശിഖ ശ്രീയാണെന്ന് വേദങ്ങളില്‍ പറയുന്നുണ്ട്. ശിഖ വെയ്‌ക്കുന്നത് നമ്മുടെ ഉപബോധമനസ്സിലെ യഥാര്‍ഥ, ശുഭചിന്തകളെ പ്രതിഫലിപ്പിക്കാനാണ്. പഠനം ഒട്ടും എളുപ്പമല്ലാത്ത ഒരു കാലത്താണ് സാധാരണഗതിയില്‍ വേദപഠനത്തില്‍ തല്പരരായി  ആളുകള്‍ വരുന്നത്. ഒരു കുട്ടി ജനിച്ചാല്‍, ഏഴ് വയസ്സുവരെ ഒരു കുട്ടി വീട്ടിലെ ചക്രവര്‍ത്തിയാണ്. പക്ഷേ അടുത്ത ഏഴു വര്‍ഷമാകുമ്പോള്‍  കുട്ടി ഒരുപാട് മാറും. ആ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. അതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു കൂട്ടം ആളുകളുമായിട്ട് അവന്‍ ബന്ധപ്പെടാന്‍ തുടങ്ങും. ആ സമയത്ത് പതുക്കെ പതുക്കെ ഈ ചക്രവര്‍ത്തിയില്‍ നിന്ന് സാധാരണ മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ വലിയൊരു ഘട്ടം സംഭവിക്കുന്നു. ഈ ചക്രവര്‍ത്തി പദത്തില്‍ നിന്ന് ഇറങ്ങുക എന്നത്  എളുപ്പമുള്ള പണിയല്ല. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിലൊന്നാണ് ചക്രവര്‍ത്തി പദം നിലനിര്‍ത്തുക എന്നത്.

ഒരു കുട്ടി കൗമാരത്തിലേക്ക്  പരിണമിക്കുമ്പോള്‍  ഈ ലോകത്ത്  ഒരുപാട് കീഴടക്കാനുണ്ട് എന്നും  ഈ ലോകം മുഴുവന്‍ എനിക്കുള്ളതാണ്, ഈ കാണുന്നതെല്ലാം  ഒക്കെ എനിക്ക് കീഴടക്കാനുള്ളതാണ് എന്നൊക്കെ കരുതും. അങ്ങനെ ഒരു ഏഴു വര്‍ഷം കഴിഞ്ഞു പോകുമ്പോള്‍ മനസ്സിലാകും ഇത് അത്ര എളുപ്പമുള്ള പണിയല്ല എന്നും   ഒന്നും കീഴടക്കാന്‍ കഴിയില്ല, സ്വയം കീഴടങ്ങാനേ കഴിയുള്ളൂ എന്നൊരു ബോധ്യം വരും.

മധ്യവയസ്സിലെത്തുമ്പോള്‍ ആണ്  നമ്മുടെ ആചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാന്‍ കഴിയുന്നത്. അപ്പോള്‍  ഗുരുനാഥന്മാരെ അന്വേഷിക്കാന്‍ തുടങ്ങുന്നു.  സാധന തുടങ്ങുന്നു അങ്ങനെ പല പല കളരിയിലേക്ക് മനുഷ്യന്‍ വികസിയ്‌ക്കാന്‍ തുടങ്ങും.അപ്പോള്‍ ആ  മനുഷ്യനില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ചെയ്യും.

ഭാരതീയ പൈതൃകത്തിന്റെ ഒരു പ്രത്യേകത  ഈ വ്യതിയാനങ്ങളെ നിലനിര്‍ത്തുമ്പോള്‍ തന്നെ, ആ വ്യതിയാനങ്ങളെ മനസ്സിലാക്കുകയും  ഒരു വ്യക്തിയിലേക്ക് പരിണമിക്കുന്ന ആ നിര്‍ണായക ഘട്ടത്തെ ശരിയായി കൈകാര്യം ചെയ്യുന്നു എന്നതുമാണ് . അതുകൊണ്ട് നമുക്ക് ഷോഡശ ക്രിയകള്‍ എന്ന ഒന്നുണ്ട്. ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടി വരെയുള്ള  പതിനാറു ക്രിയകളെല്ലാം ഒരേ പോലെ പ്രാധാന്യമുള്ളതാണ്.  ഒരു മനുഷ്യന്റെ ജീവിതത്തില്‍  പതിനാറു ക്രിയകള്‍ക്കും തുല്യമായ ഇടമാണുള്ളത്.   ആ തുല്യമായ ഇടത്തില്‍ നിന്നുകൊണ്ടാണ് ഗര്‍ഭാധാനം നടത്തുന്നത്. സീമന്തോനയനം നടത്തുന്നത്, അല്ലെങ്കില്‍ പൂംസവനം നടത്തുന്നത്. നമ്മുടെ സംസ്‌കാരം ഈ പറഞ്ഞ ആവര്‍ത്തനങ്ങളുടെ ഓരോ കാലഘട്ടത്തിലും മനുഷ്യനില്‍  ഉണ്ടാകുന്ന പരിണാമങ്ങളെ കണ്ടെത്തുകയും ആ പരിണാമങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാനുള്ള ശക്തി പ്രധാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ആ വലിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. ഇരുപത്തി നാലു വര്‍ഷം മുന്‍പ് എട്ടുപേരില്‍ നിന്ന് തുടങ്ങി ഇന്ന് ലക്ഷക്കണക്കിന് പേരിലേക്ക് ആ ജീവിതരീതിയെ പകര്‍ന്നു നല്കാന്‍ സാധിച്ചത് ആ വലിയ സംഭാവനകളുടെ കാലാതീതമായ ഗരിമ കാരണം തന്നെയാണ്.

നിഷേധചിന്തകള്‍ നമ്മെ സമൃദ്ധിയില്‍നിന്ന് തടയുന്നു. ഈദൃശ ചിന്തകള്‍ നമ്മില്‍ ചേക്കേറുന്നത് ചെറുപ്രായത്തിലാണ്. നാം പലതും ചോദിക്കുമ്പോള്‍ അച്ഛനമ്മമാര്‍ നമ്മോട് പറയുക അത് നമുക്കൊന്നും താങ്ങാവുന്നതല്ല എന്നായിരിക്കും. ഇത് നമ്മില്‍ ഒരു നിഷേധചിന്തയ്‌ക്ക് ബീജാവാപം ചെയ്യും. ”അതിനു പണമില്ല”, ”നമ്മള്‍ അത്തരക്കാരല്ല”, ”പണം ചീത്തയാണ്” തുടങ്ങിയ ചിന്തകള്‍ നമ്മില്‍ ഉണ്ടാക്കുന്ന പരിമിതികള്‍ വളരെ വലുതാണ്. അതിനാല്‍ വേദം പറയുന്നത് ”പര്‍വതങ്ങള്‍, ഔഷധികള്‍, വനസ്പതികള്‍, ജലം എന്നിവയിലെല്ലാം ധനം നിറഞ്ഞിരിക്കുന്നു (ഋഗ്വേദം 1.49.3) എന്നാണ്. അങ്ങനെ നമ്മെ സമൃദ്ധി കൈവരിക്കുന്നതിനുള്ള പരിമിതിയെ മറികടക്കാന്‍ വേദമന്ത്രജപത്ത സ്വീകരിക്കുക.

വലിയ പരിവര്‍ത്തനങ്ങള്‍ക്ക്  തുടക്കമിട്ട കാശ്യപ വേദ റിസര്‍ച്ച്  ഫൗണ്ടേഷന്‍ പ്രചോദനം കൈക്കൊളുന്നത്  സ്വാമി ദയാനന്ദ സരസ്വതിയില്‍ നിന്നാണ്. മഹര്‍ഷി ദയാനന്ദ സരസ്വതിയില്‍ നിന്ന് ലഭിച്ച സ്വാധീനത്താല്‍,   ചങ്കൂറ്റത്തോടെ ‘ഈ രാഷ്‌ട്രത്തിനു വേണ്ടി മരിക്കണം’ എന്ന് പറഞ്ഞ ഭഗത് സിംഗിന്റെ പരമ്പരയാണ് കാശ്യവേദ റിസര്‍ച്ച് ഫൗണ്ടേഷനും. ഭഗത് സിംഗിന്  ഏറ്റവും കൂടുതല്‍ പ്രചോദനം  കൊടുത്തത് ലാലാ ലജ്പത്‌റായിയാണ്. ലാലാ ലജ്പത്‌റായി തികഞ്ഞ ദയാനന്ദ ഭക്തനായിരുന്നു.  ആര്യസമാജം സ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ദയാനന്ദന്‍ നടത്തിയ വളരെ ശക്തമായ ഇടപെടലുകളുണ്ട്.

മാറാന്‍ കഴിയില്ലെന്ന ചിന്തയാണ് നാം  ആദ്യം മാറ്റേണ്ടത്. നമ്മുടെ ഉള്ളില്‍ ഒരു കാര്യം പതിഞ്ഞുപോയാല്‍ അത് മാറ്റിയെടുക്കാന്‍ നാം നിരന്തരം ശ്രമിക്കണമെന്നത് ശരിയാണ്. എന്നാല്‍ നമുക്ക് അത് മാറ്റാന്‍ കഴിയും. എല്ലായ്‌പ്പോഴും ഒരുപോലെ ചിന്തിച്ചുപോകാനാണ് നാം ഇഷ്ടപ്പെടുന്നത്.

ആദ്യകാലത്ത് പലരോടും ഇതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പരിഹാസം മാത്രമാണ് കിട്ടിയിരുന്നത്. പക്ഷേ ഇന്ന് അങ്ങനെയല്ല. ഇന്ന് കാശ്യവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നല്ല നിലയില്‍ എത്തി വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇവിടെ എല്ലാവരും പഠിക്കുന്നു. ജീവിതത്തിലെ മികച്ച ലക്ഷ്യങ്ങള്‍ നേടാനുള്ള  അച്ചടക്കം ഉണ്ടാക്കുന്നു. ജീവിതത്തില്‍ മാറ്റം ഉണ്ടാകുന്നു. ഇവിടെ വേദം ചൊല്ലി പഠിച്ച കുട്ടികള്‍ പലരും ഉന്നത പഠനം നടത്തുന്നു. പലരുടെയും ജീവിതത്തില്‍ പ്രചോദനകരമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്.

ഐശ്വര്യവും സമൃദ്ധിയും കാംക്ഷിക്കുന്നവര്‍ തങ്ങളുടെ ഊര്‍ജമണ്ഡലത്തെ വര്‍ധിപ്പിക്കണം.  അതാണ് അഗ്‌നിഹോത്രാദികളിലൂടെ നമുക്ക് ലഭിക്കുന്ന നേട്ടം. നമ്മുടെ ലക്ഷ്യങ്ങളെ നിര്‍ണയിക്കുക. അതാണ് വൈദിക ആചരണമായ അഗ്‌നിഹോത്രം നല്‍കുന്ന പാഠം. സമൃദ്ധി ഉണ്ടാകണമെങ്കില്‍ ധനം വാങ്ങിവെച്ചാല്‍ മാത്രം പോര, കൊടുക്കാനും ശീലിക്കണം. നമ്മുടെ ഊര്‍ജമണ്ഡലം കരുത്തുറ്റതാകാന്‍ ശ്രദ്ധയോടെ നാം ചെയ്യേണ്ട കാര്യമാണ് കൊടുക്കലും വാങ്ങലും. ആരെങ്കിലും എന്തെങ്കിലും തരുമ്പോള്‍ അതിനെ നിഷേധിക്കാതിരിക്കുക. കിട്ടുമ്പോള്‍ ഉള്ള അതേ സന്തോഷം തന്നെ കൊടുക്കുമ്പോഴും ഉണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഐശ്വര്യത്തിന്റെ പ്രധാനപ്പെട്ട തലം പ്രകൃതിയിലേക്ക് കടന്നുചെല്ലുക എന്നതാണ്. സമൃദ്ധി എന്നത് എല്ലായിടത്തുമുണ്ട്.  നാമത് എവിടെ കണ്ടെത്തുമെന്നാണ് ചോദ്യം.

 

By admin