• Sun. Nov 16th, 2025

24×7 Live News

Apdin News

വേദിയില്‍ ‘അയ്യപ്പനെ’ ഒഴിവാക്കി; മുറിയിലെ ‘അയ്യപ്പ’ വിഗ്രഹത്തിന് മുന്നില്‍ വിളക്ക് തെളിച്ച് കെ. ജയകുമാര്‍

Byadmin

Nov 16, 2025



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എല്ലാ യോഗങ്ങളും അയ്യപ്പ വിഗ്രഹത്തിനോ ചിത്രത്തിനോ മുന്നില്‍ നിലവിളക്ക് തെളിയിച്ചശേഷമാണ് ആരംഭിക്കുന്നത്. എന്നാല്‍ ഇന്നലെ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ നിന്നും അയ്യപ്പ വിഗ്രഹം ഒഴിവാക്കി. അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്ക് തെളിയിക്കുന്നതിന് പകരം ഒരു വലിയ നിലവിളക്ക് മാത്രം തെളിയിച്ചായിരുന്നു ചടങ്ങുകള്‍.

എന്നാല്‍ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ദേവസ്വം പ്രസിഡന്റിന്റെ മുറിയിലെത്തി കസേരയിലിരുന്ന കെ. ജയകുമാര്‍ ഇവിടെ അയ്യപ്പന്റെ ചിത്രം ഇല്ലേ എന്ന് ചോദിച്ചു. ജീവനക്കാര്‍ പ്രസിഡന്റിന്റെ റൂമിനോട് ചേര്‍ന്നുള്ള ചെറിയ മീറ്റിങ് ഹാളിലെ അയ്യപ്പവിഗ്രഹം കാട്ടിക്കൊടുത്തു. കേസരയില്‍ നിന്നും എഴുന്നേറ്റ അദ്ദേഹം വിഗ്രഹത്തിന് അടുത്തെത്തി. ചെരുപ്പുകള്‍ ഊരിയിട്ടശേഷം ബോര്‍ഡ് അംഗം കെ. രാജുവിനെ കാത്തുനിന്നു. കെ. രാജു കൂടി എത്തിയശേഷം അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ തിരിതെളിയിച്ചു. അതിനുശേഷമാണ് പ്രസിഡന്റിന്റെ ചുമതലകളിലേക്ക് നീങ്ങിയതും ബോര്‍ഡ് യോഗം ആരംഭിച്ചതും. വേദിയില്‍ നിന്നും അയ്യപ്പവിഗ്രഹം ഒഴിവാക്കിയത് ചില ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും മറ്റ് ചില ജീവനക്കാര്‍ അയ്യപ്പ വിഗ്രഹം വയ്‌ക്കാന്‍ തയാറായില്ലെന്നാണ് സൂചന.

By admin